Monday 28 August 2017


മെഡിക്കൽ പഠന മേഖലയിലെ  കൊടും കശാപ്പ് 

 നീറ്റു  പരീക്ഷയിലെ  റാങ്കിന്റെ അടിസ്ഥാനത്തിൽ  സർക്കാർ സംവിധാനത്തിലെ കൗൺസിലിങ് മുഖേന മാത്രമായിരിക്കും എല്ലാ മെഡിക്കൽ പ്രവേശനവും എന്ന ചരിത്രപരമായ  സുപ്രീം കോടതി വിധി യിലൂടെ സാധ്യമായ  അക്കാഡമിക് നീതിയെ,   ദുർവഹമായ സാമ്പത്തിക ബാധ്യതയുടെ  കുറുക്കു കയറിട്ടു  കശാപ്പ്  ചെയ്യുന്ന ദുര വസ്ഥയിലേക്ക് കേരളത്തിലെ സ്വാശ്രയ മെഡിക്കൽ  വിദ്യാഭ്യാസം വീണിരിക്കുന്നു. അതിനു സാഹചര്യമൊരുക്കിയ ഫീസ് നിർണയസമിതിയും സംസ്ഥാന സർക്കാറും സർക്കാരിന്റെ നിയമസംവിധാനങ്ങളും ഉയർന്ന റാങ്കോടെ പ്രവേശന യോഗ്യത നേടിയ  മധ്യവരുമാനക്കാരായ കുട്ടികളോടും കുടുംബങ്ങളോടും
കാണിച്ചത് നിർദ്ദയമായ  അനാസ്ഥയും , മനപ്പൂർവം ചെയ്തതാണെങ്കിൽ , കൊടും ക്രൂരതയും  ആണ്.

    പ്രവേശന യോഗ്യതയിലും രീതിയിലും പുലർത്തേണ്ട  അക്കാഡമിക്  നീതി
നിലനിര്ത്തുകയും, അതേസമയം സ്വാശ്രയ കോളേജുകൾ നടത്തിക്കൊണ്ടുപോകാനുള്ള  വരുമാനം സാധ്യമാവുകയും ചെയ്യുന്നതിനുള്ള
മാർഗം , നീ റ്റ് പരീക്ഷയിലെ റാങ്കും ഫീസും ആനുപാതികമായി ബന്ധപ്പെടുത്തി
നിർണയിക്കുക എന്നതാണ് .അതിനുള്ള ഒരു പ്രായോഗിക നിർദേശം  ഈ ലേഖകൻ സര്കാരിനുമുന്പിൽ  മൂന്നു മാസങ്ങൾക്കു മുൻപ് സമർപ്പിച്ചതാണ്..
സ്വാശ്രയ കോളേജിലെ ആദ്യത്തെ സീറ്റിന്റെ ഫീസ് അൻപതിനായിരം രൂപയും  തുടർന്നുള്ള സീറ്റുകൾക്ക് ഒരു ശതമാനം( അഞ്ഞൂറ് രൂപ വീതം) കൂടുതൽ ഫീസ്  നിജപ്പെടുത്തുകയും  ചെയ്യാം . രണ്ടാമത്തെ സീറ്റിന്റെ ഫീസ്  അന്പത്തിനായിരത്തി അഞ്ഞൂറ് , മൂന്നാമത്തത്തിന്റെ ഫീസ്  അൻപത്തിഒരായിരം  ഇങ്ങനെ നിര്ണയിക്കാം.. ഉയർന്ന റാങ്കു നേടുന്ന ആയിരം കുട്ടികൾക്ക്  അഞ്ചു ലക്ഷത്തിനു  താഴെയുള്ള  വാർഷിക  ഫീസിൽ പഠിക്കാനാകും . എൻ ആർ ഐ സീറ്റുകളും ഫീസ് സ്വജന്യത്തിനു അർഹതയുള്ള  സീറ്റുകളും ഒഴിച്ച് ബാക്കി സീറ്റുകളിൽ ഇങ്ങനെ ഫീസ് നിർണയിച്ചാൽ അക്കാഡമിക് നീതിയും സ്ഥാപനങ്ങളോടുള്ള സാമ്പത്തിക 
 നീതിയും സംയോജിപ്പിക്കാം.. ന്യായവും യുക്തവുമായ തുക സമാഹരിക്കാനായി  അടിസ്ഥാന ഫീസ്( ആദ്യത്തെ സീറ്റിൻറെ  ഫീസ് ) ഒരു ലക്ഷമാക്കാം ; ഫീസ് വർധന  മുക്കാൽ ശതമാനമാക്കാം.ഇങ്ങനെ നിർണയിക്കുന്ന ഫീസ്  സർക്കാർ തന്നെ സമാഹരിക്കുകയും , കോളേജുകളുടെ ചിലവിന്റെ എസ്റ്റിമേറ്റ് അനുസരിച്ചു വിതരണം ചെയ്യുകയും ചെയ്യാം. അ ധികം വരുന്ന തുക മെഡിക്കൽ വിദ്യാഭ്യാസത്തെ  മെച്ചപ്പെടുത്തുന്നതിനുള്ള പൊതുവായ പദ്ധതികൾക്കുപയോഗിക്കാം..

സർക്കാരിലേക്കും , ഫീസ് നിർണയസമിതിക്കും  അയച്ചുകൊടുത്ത  ഈ നിർദേശം പരിഗണിച്ചോ, പരി ശോധിച്ചോ  എന്നൊന്നും വ്യക്തമല്ല.. ഒരു പക്ഷെ ഫീസ് നിർണയ സമിതിയും ഉദ്യോഗപ്രവരരും, നിർദേശത്തിലെ  ശതമാന കണക്കൊക്കെ കേട്ടപ്പോൾ വിരണ്ടതാകാം. കമ്പ്യൂട്ടർ അക്കൗണ്ടിംഗ് ഉപയോഗിച്ച്  ഏതാനും മണിക്കൂറുകൾ  കൊണ്ട് ഈ ഫീസ് പട്ടിക  തയാറാക്കാവുന്നതേയുള്ളു.

അതൊന്നും നടന്നില്ല.എന്നതല്ല,, ലാഭക്കൊതിയന്മാരായ    മാനേജ്മെന്റുകൾ ഒരുക്കിയ കൃത്രിമക്കെണിയിൽ വീണു വിചിത്രവും വികലവും ആയ  ഉത്തരവുകൾ ഒന്നിന് പുറകെ ഒന്നായി ഇറക്കി , ഒടുവിൽ കോടതിയുടെ മുൻപിൽ  പരിഹാസ്യവും നിസ്സഹായതയുമായി നിന്ന് , സംസ്ഥാന സർക്കാർ   സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസത്തെ  ദുരന്തമാക്കി .
.
അനാസ്ഥ കൊണ്ടാണോ, അഴിമതി കൊണ്ടാണോ ഈ ദുസ്ഥിതി ഉണ്ടായത് എന്ന് പരിശോധിക്കേണ്ടതല്ലേ?  ആദ്യത്തേതാണെങ്കിൽ , എന്തിനിങ്ങനെ ഒരു  ഫീസ് നിർണയ സമിതിയും  ഉദ്യോഗകേസരിമാരും ? രണ്ടാമത്തേതാണെങ്കിൽ, കേരളത്തിലെ വിദ്യാഭ്യാസമേഖലയിലെ എക്കാലത്തെയും ഏറ്റവും കൊടിയ ചതിയുടെയും  ക്രൂരതയുടെ യും  പട്ടികയിൽ ഇതിനെ പ്രതിഷ്ഠിക്കാം.

വർഷങ്ങൾ ഹോമിച്ചു പതിച്ചു  ഉയർന്ന  റാങ്ക് നേടിയ  കുട്ടികളെപ്പറ്റി ചിന്തിക്കുമ്പോൾ വിഷമം തോന്നുന്നു .ധനസ്ഥിതിയുടെ അനുഗ്രഹം ഇല്ലാത്തതു കൊണ്ടുമാത്രം മെഡിക്കൽ വിദ്യാഭ്യാസത്തിൽ നിന്ന്  പുറന്തള്ളപ്പെട്ടു പോകാനുള്ള നിർഭാഗ്യം അവർക്കുണ്ടാകാതെ രക്ഷിക്കാൻ എന്ത് ചെയ്യാനാകും? ചുമതലപ്പെട്ടവർ, അധികാരമുള്ളവർ  ഇനിയെങ്കിലും  ഒന്ന് ഉണർന്നു പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കുന്നു.

ഡോ.. കെ.എ.കുമാർ
മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ
തിരുവനന്തപുരം
 .. .

No comments:

Post a Comment