Sunday 6 August 2017

 തൊണ്ടിമുതലും  ദൃക്‌സാക്ഷിയും  ചലച്ചിത്രം  ഇഷ്ടപ്പെട്ടു
ഏറേ കാലത്തിനു ശേഷം തെളിമയും ലാളിത്യവും ഉള്ള
ചലച്ചിത്രാഖ്യാനം.
തോപ്പിൽ ഭാസി ഒളിവിൽ ഓർമകളിൽ വളരെ വര്ഷങ്ങള്ക്കു മുൻപെഴുതിയിട്ടുണ്ട്- തടവറക്കു അകത്തും പുറത്തും നിൽക്കുന്ന
 മനുഷ്യരുടെ  ദുഖങ്ങളെയും യാതനകളെയും  കുറിച്ച്. അതാണ്
ഈ ചിത്രത്തിലും കാണുന്നത്.ഒരു ഉൾനാടൻ  പോലീസ് സ്റ്റേഷൻ
നടത്തിക്കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന സാധാരണ  പോലീസുകാർ
 . അവിടെ  നിന്ന് നീതി  തേടിയെത്തി  കഷ്ടപ്പെടുന്ന സാധാരണ ജനം
ചെറിയ ഒരു ഇതിവൃത്തം,  ഒതുക്കവും ഒഴുക്കുമുള്ള ആവിഷ്കാരം.
സംവിധായകനായ ദിലീഷ് പോത്തൻ  അഭിനന്ദനം അർഹിക്കുന്നു.
എന്നാൽ ഈ ചിത്രം  ഏറ്റവും ഹൃദ്യമാകുന്നതും പ്രത്യാശ പകരുന്നതും.
അഭിനയമികവിന്റെ കാര്യത്തിലാണ്.അതിലും സംവിധായകന്റെ.
പങ്ക്‌ വ്യക്തമായിക്കാണാം.
ഫഹദ് ഫാസീലിന്റെ  പ്രകടനം മികച്ചു നിൽക്കുന്നു.
കണ്ണ് കൊണ്ടുള്ള ഭാവാഭിനയത്തിൽ ഈ നടനെ  വെല്ലാൻ
 മലയാള സിനിമയിൽ ഇന്ന്  ആരും  ഉണ്ടെന്നു തോന്നുന്നില്ല .
ഒപ്പം തന്നെ ശരീര ഭാഷയിലും.ഫഹദ് ഉയർന്നു നിൽക്കുന്നു.
24 കാതം നോർത്ത് , മഹേഷിന്റെ പ്രതികാരം എന്നിവയ്‌ക്കൊപ്പം
ഈ ചിത്രവും  കൂടി നോക്കുമ്പോൾ  അഭിനയത്തിനുള്ള  ദേശീയ
പുരസ്‌കാരത്തിന് അകലെയല്ല  ഈ നടൻ  നിസംശയം പറയാം.

അലൻസിയർ അവതരിപ്പിച്ച പെൻഷൻ പറ്റാറായ  പോലീസുകാരന്റെ
ദൈന്യത  നമ്മെ ഉടനെയൊന്നും  വിട്ടുമാറാൻ  പോകുന്നില്ല.
. ക്ഷീണിച്ചതൂങ്ങിയ മാംസപേശികളും , പ്രകാശം വറ്റിയ കണ്ണുകളും
ബ്രഷ് പോലെ തെറ്റിയും തിരിച്ചും നിൽക്കുന്ന  മീശരോമങ്ങളും
ഉപയോഗിച്ച് അലൻസിയർ പ്രകടിപ്പിക്കുന്ന ഭാവാഭിനയം  ഈ
 ചിത്രത്തിന്റെ ഏറ്റവും വലിയ മികവും നേട്ടവും ആണെന്നതിൽ
അശേഷം സംശയമില്ല..പ്രവചനം എന്നൊന്നും പരിഹസിക്കില്ലെങ്കിൽ
ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ- നല്ല ഉൾക്കനമുള്ള കഥാപാത്രത്തെയും
മികച്ച സംവിധായകനെയും കിട്ടുകയാണെങ്കിൽ , മലയാള സിനിമയിൽ
തിലകൻ ഒഴിച്ചിട്ടുപോയ സ്ഥാനത്തു അലൻസിയർ എത്തിപ്പെടും.
ഈ ചിത്രം നൽകുന്ന ഏറ്റവും സന്തോഷം തരുന്ന പ്രത്യാശയും
ഇതാണ് എന്ന് പറയാൻ  അനുവദിക്കുക.

വെഞ്ഞാറമൂട് സൂരജ്  തന്റെ ഭാഗം കുറ്റമറ്റതാക്കി.
സബ് ഇൻസ്‌പെക്ടറുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ച
പോലീസ് ഓഫീസർ ആയ സിബി തോമസും അഭിനന്ദനം അർഹിക്കുന്നു.
ചെറിയ കഥാപാത്രങ്ങൾക്ക് പോലും കിട്ടിയിരിക്കുന്ന മിഴിവ് സൂചിപ്പിക്കുന്നത് സംവിധായകന്റെ മികവും കൂടിയാണ്.

ചുരുക്കത്തിൽ, തൊണ്ടിമുതൽ . മലയാളസിനിമയിലെ  നാളെയ്ക്കുള്ള. മുതൽക്കൂട്ടിൻറെ  സാധ്യത പ്രദർശിപ്പിക്കുന്ന ചിത്രമാണ്.

 Dr.K.A.Kumar
Trivandrum-695004
drkakumar@gmail.com
.



.

No comments:

Post a Comment