Saturday 9 September 2017

ഓണത്തിൻറെ   ചില കാര്യങ്ങൾ

 ഇക്കൊല്ലത്തെ ഓണം അങ്ങിനെ കഴിഞ്ഞു. സർക്കാർ വക ഓണം ഘോഷയാത്രയോടെ ഇന്നവസാനിക്കുന്നു. ഈ നിർജീവ ഫ്ളോട്ടുകൾക്കു  ലക്ഷക്കണക്കിന് രൂപയാകുമത്രേ. അതുകൊണ്ടാകാം അതുവേണ്ടെന്നു വയ്ക്കാൻ  ഒരു വകുപ്പും തയ്യാറല്ലത്രേ. നഗരത്തിലെ പ്രധാന വീഥിയെ ഈ ഘോഷയാത്ര കൊണ്ട് നിറച്ചും , മറ്റു റോഡുകളെ ട്രാഫിക്കിൽ കുരു ക്കി ശ്വാസം മുട്ടിച്ചും,  എന്റിനിങ്ങനെ ഒരു പരിപാടി?  വിദേശടൂറിസ്റ്റുകളെ  ആകര്ഷിക്കാനാണത്രെ.
പോലീസ് ശ്രദ്ധിക്കുന്നതുകൊണ്ടു പിടിച്ചുപറിയും തിരക്കിലെ പീഡനവും നന്നേ കുറഞ്ഞിട്ടുണ്ട് എന്നത് മാത്രം  ഒരാശ്വാസം.

സർക്കാർ കാര്യം മുറപോലെ എന്നല്ലേ.  എന്ത്  ചെയ്യാം? നടത്തി നടത്തി  ഇത് മുറയായിക്കഴിഞ്ഞു. ഇനി മോചനമില്ല.
മദ്യവില്പനയിലും ഈയോണം  തകർത്തിരിക്കുന്നു.
മലയാളനാട് മദ്യപ്രദേശ്  ആയി മാറി (റ്റി)ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ  ഇതിൽ അത്ഭുതവും വേണ്ട.; വ്യസനം കൊള്ളുന്നതിൽ  അർത്ഥവും ഇല്ല.


സർക്കാർ വിക്രിയ ഒന്നുമല്ലാത്ത ഓണത്തിന്റെ രണ്ടുകാര്യങ്ങളെ കുറിച്ച് എന്നും വിഷമവും വിയോജിപ്പും തോന്നിയിട്ടുണ്ട്. ഒന്ന്, മഹാബലിക്കു നൽകിയിരിക്കുന്ന രൂപത്തെ കുറിച്ചാണ്. കൊമ്പൻ മീശയും കുടവയറും ഉള്ള കോമാളി  രൂപം! അദ്ദേഹത്തിന്റെ ഭരണകാലത്തെ കുറിച്ചു
കേൾക്കുന്നതൊന്നുമായി  പൊരുത്തപ്പെടാത്ത രൂപം.
എന്തായാലും ,ആ രൂപത്തിലല്ലാതെ, ആകാര സൗഷ്ടവത്തോടെ
മഹാബലിയെ അവതരിപ്പിക്കാൻ  തിരുവിതാങ്കോർ ദേവസ്വം ബോർഡ് മുന്നോട്ടു വന്നിരിക്കുന്നു. അത് നന്നായി. അത് അംഗീകരിക്കാനും  അതിന്  പ്രചാരണം കൊടുക്കാനും കേരളീയർ തയ്യാറാകുമോ, പ്രത്യേകിച്ചും കലാകാരന്മാരും, കലയുടെ പേരിൽ വൈകൃതങ്ങളെ  താലോലിക്കുന്നവരും.

രണ്ടാമത്തെ കാര്യം,  ഓണത്തിന്റെ പുലികളിയാണ്. തൃസൂരിൽ  വലിയ തോതിലും , നാടൊട്ടുക്ക്  ചിതറിയും നടക്കുന്ന ഈ കളിയുടെ  കേമത്തം എന്തെന്ന് മനസ്സിലാകുന്നില്ല.
തനതു സംസ്കാരം  എന്നാകും ഉത്തരം. കരി യും, കരിമരുന്നു പുലിയും ഇല്ലാതെ പൂരവും ഓണവും  പാടില്ലെന്നാണോ?

ഇത്രയും ഓണത്തിനെപ്പറ്റി പൊതുവായി തോന്നിയത്.

വ്യക്തിപരമായിത്രയും:

കാർമേഘങ്ങൾ മൂടിയ ആകാശത്തു നാലഞ്ചു തുമ്പപ്പൂക്കളെ
നന്നായി കാണാനായില്ല. പാരിന്റെ  മാറത്തു  നിലാവിന്റെ
പൂമെത്ത പായയും കണ്ടില്ല.
  എന്നാൽ തകർത്തുപെയ്ത  മഴയുടെ സംഗീതത്തിലും മന്ദമന്ദം
തഴുകിയ  നിദ്രയുടെ  തലോടലിലും  ഈ ഓണം ഹൃദ്യമായി.

dr.k.a.kumar                                                                        09-09-2017
thiruvananthapuram-695004
drkakumar@gmail.com

No comments:

Post a Comment