Monday 9 March 2020

അമ്മയും ആറ്റുകാൽ അമ്മയും: ഓർമയും വിചാരവും

ആറ്റുകാൽ  ക്ഷേത്രത്തെ ക്കുറിച്ചുള്ള ഓർമകൾക്ക്  അറുപതു വര്ഷം പ്രായമുണ്ട്.

തൊള്ളായിരത്തി അ റു പതുകളിൽ കോളേജ് വിദ്യാഭ്യാസത്തിനായി  തിരുവനന്തപുരത്തെത്തിയകാലത്തു അത് തുടങ്ങുന്നു.  വയൽക്കരയിൽ പഴമയുടെ സൗന്ദര്യവുമായി  ഒരു കുഞ്ഞു ക്ഷേത്രം.

 ആൽത്തറ  ദേവീക്ഷേത്രത്തിനു പുറകിലെ വാടകവീട്ടിലാണ് അന്ന്  ഞങ്ങൾ  താമസം. അവിടെ അമ്മയുടെ നിത്യ പ്രാർത്ഥന. മൂന്നോ നാലോ മാസത്തിലൊരിക്കൽ ആറ്റുകാൽ ദേവിയെ കാണാൻ പോകും. കിഴക്കേകോട്ട ബസ് ഇറങ്ങി നടന്നു പോകണം. കൂട്ടുകാരായി ഒന്നോ രണ്ടോ പേര് ഉണ്ടാകും അമ്മക്ക്. ആരെയും കിട്ടാതെ വരുമ്പോൾ കൂടെ പോകാൻ എന്നെ വിളിക്കും.

അന്ന് ഞാൻ  കൗമാരബുദ്ധിജീവിയും കടുത്ത  നിരീശ്വരവാദിയുമാണ്. അമ്മയുടെ അപേക്ഷ അത്ര പെട്ടെന്നൊന്നും ഞാൻ സ്വീകരിക്കില്ല. പക്ഷെ അമ്മയെ തനിയെ വിടാനും മനസ്സില്ല. അങ്ങനെ  ഒരു അംഗ രക്ഷകനോ പാർശ്വവർത്തിയോ ആയി പോയാണ് ആറ്റുകാൽ  ക്ഷേത്രവും ദേവിയും എനിക്ക് പരിചിതമാകുന്നത്. യാത്രയിൽ ഉടനീളം അമ്മയുടെ അന്ധവിശ്വാസത്തെ ഇളക്കാൻ  ഞാൻ  ശ്രമിക്കും. ഒരുമിച്ച്  നടക്കുന്ന ദൂരത്തുടനീളം . 'അമ്മ എന്നെ തന്റെ കുടക്കീഴിൽ ഒതുക്കി നിര്ത്താന് നോക്കും. ഞാൻ അത് തട്ടി മാറ്റും. അമ്മയുടെ കൈയിലെ കുടയും അന്ധവിശ്വാസത്തിന്റെ കുടയും എനിക്ക് വേണ്ട, വേണ്ട, വേണ്ട.

ഒന്ന് രണ്ടു തവണ പൊങ്കാലയ്ക്ക് പോയതും ഓർമയുണ്ട്. അമ്പലമുറ്റത്തും, വയൽപ്പരപ്പിലുമായി ഒരു ചെറിയ ഭക്തജനക്കൂട്ടം. ശ്രമപ്പെട്ടു ഊതിക്കത്തിക്കുന്ന കൊച്ച്ടുപ്പുകൾ. സൗമ്യമായ പ്രാർത്ഥനാധ്വനികൾ.
വിയർപ്പും കരി യും മുഖത്തും, ദേഹത്തുമായി മടങ്ങുന്ന അമ്മയെ ഞാൻ വീണ്ടും ശകാരിക്കും.അമ്മയുടെകണ്ണുകളിൽ പടർന്നുകിടക്കുന്ന ചുവപ്പും, കണ്ണീർപ്പാടും കാണുമ്പോൾ ഞാൻ ചോദിക്കും,
'അമ്മയെന്തിന് കരഞ്ഞു?'
'ദൈവത്തെ മനസ്സ് നിറഞ്ഞു പ്രാർത്തിക്കുമ്പോൾ എല്ലാവരും കരയും.'
'അമ്മ വിശദീകരിക്കും.
ബാഗ്ലൂർ നിംഹാൻസിലെ  എം.ഡി. എടുത്തു കഴിഞ്ഞു ഞാൻ പത്തുവര്ഷത്തോളം കോട്ടയം മെഡിക്കൽ കോളേജിൽ ജോലി ചെയ്തു.ഈ കാലയളവിൽ ആറ്റുകാൽ ക്ഷേത്രവും പൊങ്കാലയും വളരെ വളർന്നു. ക്ഷേത്രഭരണവും  വരുമാനവും അതിനൊപ്പം വളർന്നു. പൊങ്കാല നഗരത്തിന്റെ  മഹോത്സവം  ആയി.

കിളിമാനൂരിൽ അച്ഛനൊപ്പം  താമസിച്ചിരുന്ന 'അമ്മ എല്ലാ വർഷവും  ആറ്റുകാൽ പൊങ്കാല ഇടുന്ന തു ഞാൻ അറിഞ്ഞിരുന്നു. തിരുവനന്തപുരത്ത് ബന്ധുക്കളും സുഹൃത്തുക്കളുമായവരുടെ  സഹായത്തോടെ 'അമ്മ അത് തുടർന്നു.

എൺപതുകളിൽ ഞാൻ തിരുവനന്തപുരത്തെത്ത്തിയപ്പോൾ എന്റെവീട്ടിൽ രണ്ടുമൂന്നു ദിവസം വന്നു നിന്ന് പൊങ്കാല ഇടുന്നതായി അമ്മയുടെ പതിവ്.

അത് എന്റെയും, വീട്ടിൽ ഞങ്ങൾ എല്ലാവരുടെയും, പേടി സ്വപ്നം ആയി.

വൈ ദ്യവൃത്തിയിലടക്കം , ഞാൻ കണ്ടി ട്ടുള്ള  ഏറ്റവും രൂക്ഷമായ  മൈഗ്രയിൻ അമ്മക്കുണ്ടായിക്കൊണ്ടിരുന്നതാണ്. കടുത്ത  തലകറക്കവും, തുടരെയുള്ള  ഛർദിയും ആയി ,കണ്ടുനിൽക്കാൻ തന്നെ  പ്രയാസമുള്ള  ബേസിലാർ മൈഗ്രേയിൻ.
അന്നും ചില പ്രതിരോധ മരുന്നുകൾ ഉണ്ട്. 'അമ്മ അത് മുടക്കും. ഇടയ്ക്കു രോഗം വരും. ഏറ്റവും കടുത്ത  മൈഗ്രേയിൻ എത്തുന്നത് പൊങ്കാല കഴിഞ്ഞു വീട്ടിലെത്തുമ്പോൾ ആണ്. അത് കണ്ടു സഹിക്കുക പ്രയാസം.
ഞാൻ ശക്തിയായി ഇടപെട്ടു.
'ഇത് ഇനി നിര്ത്തിയെ പറ്റൂ.' ഞാൻ കര്ശനമായി പറഞ്ഞു.
'അമ്മ വഴങ്ങിയില്ല.
'ഈ കരി യും പുകയും വിയർപ്പും ഒക്കെ ഏറ്റുവാങ്ങി  ഈ പൊങ്കാല എന്തിനു 'അമ്മ തുടരുന്നു, എനിക്ക് മനസ്സിലാകുന്നില്ല.'

അല്പസമയം കണ്ണടച്ച് നിശ്ശബ്ദയായി ഇരുന്നിട്ട് 'അമ്മ പറഞ്ഞു.

'ഇതിനേക്കാൾ കറിയും, പുകയും, കണ്ണീരും നിറഞ്ഞതായിരുന്നു എന്റെ ജീവിതത്തിലെ  വളരെക്കാലം. അതൊന്നും നിങ്ങൾ  അന്ന് കണ്ടിട്ടുണ്ടാവില്ല. കണ്ടിട്ടുണ്ടെങ്കിലും  ഓര്മിക്കുന്നുണ്ടാവില്ല.'

ഞാൻ ആലോചിച്ചു.
അഞ്ചുവയസ്സുപ്രായമുള്ളപ്പോൾ അച്ഛനെ നഷ്ടപ്പെട്ട , ചൂഷകനായ ഒരു കാരണവരുടെ തണലിൽ  'അമ്മമ്മ  മാത്രം വളർത്തിയ മകളായിരുന്നു 'അമ്മ. വിവാഹശേഷം ഏറെക്കാലം അച്ഛന്റെ കൂട്ടുകുടുംബത്തിൽ അടുക്കളക്കാരിയായി 'അമ്മ  കഴിഞ്ഞു. കരി യും, പുകയും, കണ്ണീരും  അപരിചതം ആകാൻ സാധ്യതയില്ല.
അമ്മയുടെ അക്കാലത്തെ  മുഖവും  ഉലഞ്ഞ  കരിപുരണ്ട  വസ്ത്രങ്ങളും
കുറെയൊക്കെ എനിക്ക് ഓർക്കാനും കഴിയുന്നുണ്ട്.

'ആറ്റുകാലമ്മക്ക്‌വേണ്ടി , കണ്ണുനിറഞ്ഞു പൊങ്കാല ഇടുമ്പോൾ  എല്ലാ ദുഖവും
പുകപോലെ പറന്നുപോകുന്നു. എനിക്ക് മാത്രമല്ല.   മിക്ക 'അമ്മമാർക്കും അതങ്ങനെയാണ്..'

അമ്മയുടെ  കൈ  പിടിച്ച് ഏറെ നേരം ഞാൻ ഇരുന്നു. പൊങ്കാലയെപ്പറ്റി പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.

1993 മാർച്ച്‌  വരെ  എല്ലാ വർഷവും     'അമ്മ  പൊങ്കാല ഇട്ടു. ആഗസ്റ്റിൽ  ഒരു പക്ഷിയെ  പോലെ   പറന്നു.പോയി.    
  
  ഇന്ന് രാഷ്ട്രീയം,   ആത്മീയം  ഭരണം, തുടങ്ങിയ രംഗത്തെ ഉന്നതന്മാർ  തൊട്ടുരുമ്മിനിന്നു   നടത്തുന്ന പൊങ്കാല കണ്ടു. കൊറോണ  വൈറസ്  ബാധയെക്കുറിച്ചുള്ള  അതിജാഗ്രതാ നിർദേശം അരികെ  നിൽക്കവേ ആണ്
ഈ .ജനലക്ഷങ്ങൾ അണി  നിര ക്കുന്നത്. അവരോടൊപ്പം ഈ നേതാക്കന്മാർ  നിരന്നു നിക്കുന്നത്.

 അമ്മയെ  ഓർത്തു.

 ദേവിയെ പ്രാർത്‌ഥിക്കുമ്പോഴും,   മുടങ്ങാതെ പൊങ്കാല ഇടുമ്പോഴും,  'അമ്മ  കുത്തിയോട്ടത്തെ കുറിച്ചു വ്യസനിച്ചു.

വൈറസ് ബാധയുടെ വിപത്തിനെക്കുറിച്ച്  മനസ്സിലാക്കി കൊടുത്തിരുന്നെങ്കിൽ  'അമ്മ  ഇത്തവണ  വീട്ടിൽ പൊങ്കാല  ഇട്ട്  സംതൃപ്തി  കണ്ടെത്തിയേനെ:
 ഒട്ടു  മിക്ക    അമ്മമാരും,  സ്വന്തം നിലയിൽ, അങ്ങനെ ചെയ്യുമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു...

സ്വന്തം നിലയിൽ ഒന്നും ചിന്തിക്കാൻ ഇന്ന് അവർക്കു ആവില്ലല്ലോ!
 
അവർ അല്ലല്ലോ, അവരാരും അല്ലല്ലോ   ആരാരാധനയും, ആചാരങ്ങളും  എങ്ങനെ വേണമെന്ന്  തീരുമാനിക്കുന്നത്...

Dr.K.A.Kumar
drkakumar@gmail.com

No comments:

Post a Comment