Sunday 29 March 2020

കോവിഡിന്റെ കാലം: മന:മർമരങ്ങൾ

മാര്ച്ച് 8ആം തീയതി വൈകുന്നേരം വെയിലില് തീനാളങ്ങളുടെ ചൂട് തോന്നി. മനസ് മന്ത്രിച്ചു, കേരളത്തിന്റെ മണ്ണിൽ  കൊറോണ വൈറസ് കാലുറപ്പിച്ചിരിക്കുന്നു. വൈറോളജിസ്റ്റോ, എപിഡമിയലോജിസ്റ്റോ അല്ലെങ്കിലും, മഹാരോഗങ്ങളുടെ തേര് വാഴ്ച കളുടെ ചരിത്രം വായിച്ച ഓര്മയാകാം  ഈ ദുരാ sankaയുടെ വിത്ത് മനസ്സിൽ ഇട്ടത്. തിരുത്താൻ മനസ് വിസമ്മതിച്ചു.
അടുത്ത ദിവസം നടക്കുന്ന ആറ്റുകാൽ പൊങ്കാലയെ കുറിച്ചായി ആശങ്ക. അത് അപകടം ഇല്ലാതെ കഴിഞ്ഞുവന്നത് ആശ്വാസമായി.
അടുത്ത ഞായറാ ഴ്ച്ച പങ്കെടുക്കേണ്ട ഒരു പരിപാടിയുണ്ട്. മറ്റൊരു ദിവസം പ്രഭാഷകനായി പങ്കെടുക്കേണ്ട മറ്റൊന്നുണ്ട്. ഒരു മെഡിക്കൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കാനുണ്ട്. എല്ലാം, നൂറിൽ താഴെ പേർ മാത്രം പങ്കെടുക്കുന്നവ ആണ്. മൂന്നു സംഘാടകരെ വിളിച്ച്  ഈ പകർച്ച വ്യാധിയുടെ സാഹചര്യ ത്തിൽ, പരിപാടി മാറ്റി വെക്കുന്നതാണ് ഉചിതം എന്നു പറഞ്ഞു. അവിശ്വാസവും പരിഹാസവും കലർന്ന വിയോജനമാണ്  അവരിൽ ചിലരിൽ നിന്ന് പ്രതികരണമായി ലഭിച്ചത്.

പകർച്ചവ്യാധി പ്രതിരോധവും, കാട്ടു തീ തടയുന്നതും ഒരേ പോലെയാണ്. രണ്ടിലും, നടപടികൾ അതിതീവ്രവും അധികരിക്കുന്നതും അതിശീഘ്രവും ആകേണ്ടിവരും. രണ്ടിൻറെയും അപകട സാഫ്ധ്യത പ്രത്യക്ഷത്തിൽ ബോധ്യപ്പെടാത്തവരിൽ ,അവിശ്വാസവും അമർഷവും സ്വാഭാവികമാണ്. 

സർക്കാറിലേക്കും നിവേദനങ്ങൾ നൽകി. ലോക്ക് ഡൗണ് ആവശ്യപെടാൻ ആദ്യം ധൈര്യം വന്നില്ല.  അവശ്യ  സർവീസുകൾ മാത്രം നില നിറുത്തി, മറ്റുള്ള സർക്കാർ ജീവനക്കാർക്കും, സ്വകാര്യ ജീവനക്കാർക്കും രണ്ടു ആഴ്ച്ച കർശനമായി ഹോം ക്വരൻറെയിൻ ഏർപ്പെടുത്തി വൈറസ് പ്രതിരോധം ശക്തിപ്പെടുത്തണം എന്നു അപേക്ഷിച്ചാണ് എഴുതിയത്. ഔദ്യോഗിക തലത്തിൽ സർക്കാരിനോട് ബദ്പ്പെട്ടിരിക്കുന്നവർക്കും എഴുതി. നേരിട്ടു വിളിച്ച് ഈ നിർദേശം ഒന്നു പരിഗണിക്കണമെന്ന് അപേക്ഷിച്ചു. ഔദ്യോഗിക സ്ഥാനമോ, പദവിയോ, സാമൂഹിക മൂലധനമോ (സോഷ്യൽ ക്യാപിറ്റൽ), രാഷ്ട്രീയ സ്വാധീനമോ മാധ്യമ പരിലാളനയോ ഇല്ലാത്ത ഒരുവൻ സമർപ്പിക്കുന്ന നിർദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും സാധാരണ ഗതി അറിയുന്നത് കൊണ്ടു,   അവഗണനയിൽ  വലിയ ഖേദം തോന്നിയില്ല.
മാർച്ച 22 ന്റെ ജനതാ കർഫ്യൂവും, അടുത്ത ദിവസം വന്ന കേരള ലോക്ഡൗണും, 24 ൽ എത്തിയ ദേശീയ ലോക്ഡൗണും  ആശ്വാസമായി തോന്നി. ഒന്നു രണ്ടാഴ്ച്ച നേരത്തെ ആയിരുന്നെങ്കിൽ  കൂടുതൽ നന്നായേനെ എന്നും  ഇടക്ക് തോന്നി.

ലോക്ഡൗൻ സൃഷ്ടിക്കുന്ന ജീവിതപ്രതിസന്ധികളെ കുറിച്ചുള്ള ആശങ്ക നാൾ തോറും വർധിക്കുന്നു. സ്ഥിരം ശമ്പള വും ഉയർന്ന സാമ്പത്തിക നിലയും ഇല്ലാതെ, ചെറിയ സംരംഭങ്ങളും, ജോലിക്കു മാത്രം  വരുമാനവുമായി കഴിയുന്ന അസംഘടിത  സ്‌റേനിയിൽ ഉള്ളവർക്ക് മുന്നിൽ, വറുതിയുടെയും നിസ്സഹായതയുടെയും മരുഭൂമിയാണ് നീണ്ടു കിടക്കുന്നതു.

ശ്വാസകോശ രോഗചികിത്സയിലും, തീവ്രചികിത്സയിലും അത്യാധുനിക പരിശീല റ്നം നേടി, അമേരിക്കയിലെ വിഖ്യാത ആസുപത്രിയിൽ സേവനം അനുഷ്ഠിക്കുന്ന ഡോ. അനു കുമാർ തന്റെ ദിവസങ്ങളെ കുറിച്ചു എഴുതി: 
സമ്പന്ന രാജ്യം ആണെങ്കിലും, അത്യാധുനിക ആശുപത്രി ആണെങ്കിലും, വ്യക്തി സുരക്ഷാ സാമഗ്രികൾ (പി. പി. ഈ) വേണ്ടത്ര കിട്ടാനില്ല. ജോലി കഴിഞ്ഞു വീട്ടിലെത്തതുന്ന തനിക്കു മൂന്നു മാസം പ്രായമുള്ള കുഞ്ഞുമോളേ  അകലെ നിന്നു കണ്ടു സാന്തോഷിക്കാനെ ധൈര്യമുള്ളു.

 നാലു മണിക്കൂർ  ഐ.സി. യു  ഗൗണിൽ കഴിയുന്നത് ദുസ്സഹമാണ്. ആ സമയം വെള്ളം പോലും കുടിക്കില്ല, ടോയ്‌ലെട്ടിൽ പോകാനും വയ്യ. പകരം മാറ്റാൻ ഐ.സി.യു ഗൗണ് കിട്ടാനില്ല. 
 ലോകത്തെമ്പാടും  കോവീട് രോഗികളെ ചികിൽസിക്കുന്ന ഡോക്ടർമാരും പ രിചരിക്കുന്ന നഴ്സ്ല് മാരും   ജോലി ചെയ്യുന്ന സാഹചര്യം   ഇതാണ്.

അനു കുമാർ തുടർന്നു എഴുതി:
 'ഇതൊന്നും സാരമില്ല.
അടുത്ത നാല് ആഴ്ചകളിൽ കോവിഡിന്റെ ഭീകര താണ്ഡവം തങ്ങളുടെ മുൻപിൽ എ ത്തും, അതിനെ നേരിടുന്നതിനുള്ള മുന്നണി പോരാളിയായി ഞാൻ ഉണ്ടാകും. ലോകത്തെ ഏറ്റവും പ്രസിദ്ധമായ ക്ളീവ് ലൻഡ്  ക്ലിനിക്കിൽ നിന്നു പരിശീലനം നേടാൻ അവസരം കിട്ടിയ  എനിക്ക്, ഈ സേവനം ചെയ്യുക എന്നത്  ജീവിതനിയോഗം  ആണ്. എന്നും ആയിരിക്കും. ഞാൻ കോവിഡിനെതിരെ അവസാനം വരെ   യുദ്ധം ചെയ്യും'
ലോകത്ത്
 എല്ലാ ആതുരാലയങ്ങളിലെയും ഈ പടയാളികൾ അങ്ങനെയാണ്.ജീവനും മരണവും തമ്മിലുള്ള യുദ്ധ ഭൂമിയിൽ, രോഗിയെ അനാഥനാക്കി അവർ പിന്മാറുകയില്ല.
അവർക്ക് വിജയവും, സുരക്ഷിതത്വവും നന്മയും നേർന്നു.  സർക്കാർ മെഡിക്കൽ കോളേജിലെ സേവനകാലത്തിന്റെ ഓർമകളും ബിംബങ്ങളും മനസ്സിൽ നിറഞ്ഞു.

 മൂന്നിൽ ഒന്നു ജോലിക്കാർ, ഒരു ആഴ്ച്ച ഡ്യൂട്ടിയും, മറ്റുള്ളവർ രണ്ടാഴ്ച ഹോം ക്വറന്റിനും എന്ന ചിട്ട നിലവിലുള്ള  ഈ ആശുപത്രിയിൽ ആദ്യത്തെ ആഴ്ച്ച ഡ്യൂട്ടി എടുത്തു. പ്രായം കൊണ്ടു ഡ്യൂട്ടി ഇളവിന് അർഹത ഉണ്ടായിരുന്നെങ്കിലും, മറ്റു രണ്ടു സി കൺസൽതണ്ട് മാർക്കും ഡ്യൂട്ടിക്ക് എത്തുക അസാധ്യമായിരുന്നു.
രാവിലെ ആശുപത്രിയിലേക്ക് തിരിച്ചച്പ്പൾ എട്ട് വയസ്സുകാരനായ ഭരത്  വിലക്കി.

'അച്ചച്ച,  അറുപത്തി അഞ്ച് വയസ് കഴിഞ്ഞ അച്‌ഛച്‌ഛനും, പത്ത് വയ്സ് ആകാത്ത ഞാനും വെളിയിൽ പോകരുത്. സ്റ്റേ അറ്റ് ഹോം'

എം.ഡി.കാരനായ യുവ ഡോക്ടറും, എം.ഫിൽ കാരിയായ ക്ലിനിക്കൽ  സൈക്കോ ലോജിസ്റ്റും കൂടെ യുണ്ട്. ഒ. പി. ശുഷ്‌കം. ആശുപത്രി മിക്കവാറും വിജനം ആയിരുന്നു. ടെലിമെഡിസിൻ കണ്സൽറ്റേഷനും അപൂർവം ഒ.പി. കേസുകളും, വാർഡിൽ നിന്നുള്ള റഫറൻസ് കേസുകളും മാത്രം. അത്യന്തം ഗുരുതരമായ ഏതാനും കേസുകൾ അഡ്മിറ്റ് ചെയ്‌തു ചികിൽസിക്കേണ്ടി വന്നു. ദുർഘടമായ ചികിത്സാ ഘട്ടങ്ങൾ ഉണ്ടായെങ്കിലും, ഒന്നൊഴിച്ച് എല്ലാ രോഗികളും സുഖം പ്രാപിച്ചു. ഒരു ചെറിയ ടീമിനൊപ്പം, ആശുപത്രിയിൽ  രോഗികൾക്ക് കരുതലും ചികിത്സയും നൽകിയ  എം.ബി.ബി.എസ് കാലം ഓർത്തു. ഹൃദ്രോഗികളെയും, പ്രമേഹരോഗത്തിലെ കീട്ടോസിസ്,  സെപ്‌സിസ്, അതിജ്വരം എന്നിവ ബാധിച്ച രോഗികളെയും,  കണ്ണിമ വെട്ടാതെ കരുതലോടെ  പരിചരിച്ചു ചി കിൽസിച്ച  നാളുകൾ. !

വലിയ പ്രശ്നങ്ങൾ ഇല്ലാതെ ഒരാഴ്ച കടന്നതിൽ ചാരിതാർഥ്യവും ആശ്വാസവും തോന്നി.  ടീം അംഗങ്ങൾ  പരസ്പരം കൈ കൂപ്പി ഡ്യൂട്ടിയിൽ നിന്നു വിട വാങ്ങി.

മെഡിക്കൽ കോളേജ് ക്യാംപസ് വഴി വീട്ടിലേക്കു മടങ്ങണം എന്നു തോന്നി. അമ്പത് വർഷങ്ങൾക്കു മുൻപ് വൈദ്യശാസ്ത്രം പഠിക്കാൻ പോയതും,  അഞ്ചര വർഷം കഴിഞ്ഞു ഡോക്ടറായി പുറത്തേക്കു വന്നതും ആ ക്യാമ്പസ്‌ലെ വഴിയിൽ കൂടിയാണ്.  ആ ദിവസ ങ്ങൾ ഓരോന്നിലും എത്രയോ തവണ നടന്ന വഴികൾ.
ക്യാംപസ് ഏതാണ്ട് വിജനം തന്നെ. ആർ.സി.സി. യുടെയും ശ്രീ ചിത്രയുടെയും മുന്നിൽ തലങ്ങും വിലങ്ങുമായി വാഹനങ്ങളും, അവയ്ക്കിടയിൽ കിതച്ചും കുത്ച്ചും ഓടുന്ന ജനങ്ങളുമില്ല.
നിരത്തിൽ വൃക്ഷങ്ങളുടെ തണൽ ഇടങ്ങൾ കണ്ടപ്പോൾ അത്ഭുതം തോന്നി- ഈ വഴിയിൽ ഇപ്പോഴും തണൽ ? ഫുട് ബോൾ കോർട്ടിന്റെ അരികിൽ  പുതിയ പുൽ നാമ്പുകൾ ഇഴയടുപ്പത്തോടെ വളർന്നു വരുന്നു. വെളുപ്പും, മഞ്ഞയുമായി കുഞ്ഞു പൂക്കൾ.  അവയ്ക്കിടയിൽ വലിയ വയറും നീളൻ സ്ഫടിക വാലും, പളുങ്ക് കണ്ണുകളുമായി, ഖസാക്കിലെ പൂർവീകരുടെ ആത്മാക്കളെ പോലെ  പറക്കുന്ന ഏതാനും തുമ്പികളും.
കാർ നിറുത്തി അല്പനേരം ആ വഴിയരികിൽ നിന്നു. ലോക്ഡൗൻ എത്തിയിട്ട്  അഞ്ചുദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു. വാഹനങ്ങളുടെ ഒടുങ്ങാത്ത ഖര മർമരവും, ജനസഞ്ചയങ്ങളുടെ  നിരന്തരമായ പാദ ചലനങ്ങളും അവസാനിച്ചു ദിവസങ്ങൾക്കുള്ളിൽ, ചെറിയ ഒരു മണ്ണ്തടത്തിൽ ,പ്രകൃതി അതിന്റെ എളിയ  ജീവഭംഗികളുമായി നമ്മെ തേടിയെത്തുന്നു.

മഹാമാരിയുടെ ദയാഹീനമായ നാൾവഴികളെ കുറിച്ചുള്ള വിഹ്വലതകൾക്കിടയിൽ, ഒരു കുളിർ കാറ്റിന്റെ മൃദു സ്പര്ശം പോലെ, ആ പുൽകൊടികൾ,  പൂക്കൾ,  തുമ്പികൾ, തണൽതടങ്ങൾ മനസ്സിൽ കയറി.

 എത്രയോ നാളുകൾക്കു ശേഷം , മോചന മന്ത്രം ശ്രവിച്ചത് പോലെ  ഒരു ശാന്തതയുമായി  വീട്ടിലേക്കു കാറോടിച്ചു..

Dr. K.A.Kumar
Trivandrum.695004
drkakumar@gmail.com





No comments:

Post a Comment