Tuesday 10 September 2019

ഓണം- ഓർമയും വിചാരവും

ബാല്യ കൗമാര്യ കാലത്തെ ഓണം കൂട്ടായ്മയുടെയും ,കൂട്ടത്തിൽ നിന്നു മാറ്റി നിറുത്തി ലഭിച്ച ശിക്ഷയുടെയും ,അതിന്റെ നൊമ്പരത്തെ തഴുകി മാറ്റിയ സ്നേഹസമ്മാണത്തിന്റെയും ആണ്.
അച്ഛന്റെ തറവാട്ടിൽ ആണ് ഓണം നാളിൽ കുടുംബം ഒന്നാകെ കൂടി ചേരുക. പത്തുപതിനഞ്ചു കുട്ടികളുണ്ടാകും. വീട്ടിൽ താമസിക്കുന്നവൻ എന്ന നിലയിൽ എന്റെ സ്ഥാനം ആതിഥേയന്റേത്. കൂട്ടത്തിൽ മൂത്തവൻ എന്ന നിലയിൽ എല്ലാവരെയും നിയന്ത്രിക്കുന്ന ചുമതലക്കാരനും. വീട്ടിനകത്ത് ആകമാനവും, പറമ്പിൽ ആകെയും കെട്ടിമറിയുന്നതിനിടയിൽ സംഘർഷങ്ങൾ ഉണ്ടായി, ഇടക്കിടക്ക് സംഘട്ടനം ആയി മാറും. സമാധാനം സ്ഥാപിക്കാൻ എത്തുന്ന ഞാൻ ഇരുകക്ഷികളുടെയും  ശത്രുവായിത്തീരും. അടുക്കള പുര യിലെ സംഘപാചകത്തിനു നേത്രത്വം വഹിക്കുന്ന അച്ഛൻ ന്യായാധിപനാകും. ഒരു കൂട്ട വിചാരണയ്ക്ക് ശേഷം ശിക്ഷ വിധിക്കപ്പെടുന്നത് എനിക്കാവും. വലിയ ആവേശത്തോടെ അച്ഛൻ തന്നെ നല്ല രണ്ടു അടികളായി ശിക്ഷ നിർവഹിക്കും. ഉച്ച വരെ കളിക്കൂട്ടത്തിൽ നിന്നു മാറ്റി നിര്ത്തപ്പെടും.

നിരുന്മേഷനായിട്ടാണ് മിക്ക ഓണസദ്യകളും ഞാൻ ഉണ്ടത്.

അവിട്ടം , ചതയം നാളു കളൊന്നിൽ ഉച്ചകഴിയുമ്പോൾ അച്ഛന്റെ വിളി വരും. നീ വേഗം ഡ്രെസ് ചെയ്ത് ഇറങ്ങു, തിരുവനന്തപുരത്തു പോകണം.
തിരക്ക് കുറഞ്ഞ ബസ് വരുന്നത് വരെ കാത്ത് നിൽക്കും. അച്‌ഛനോട് ഒപ്പം നടന്നാണ് ബാലനും കുമാരനും ആയ ഞാൻ തിരുവനന്തപുരം നഗരം കണ്ടത്. എനിക്ക് അടി തന്നത് എന്തിന് എന്നു അച്ഛനോടെ ചോദിക്കാൻ തയ്യാറെടുക്കുമ്പോൾ അച്ഛൻ പറഞ്ഞു തന്നു. നീ മൂത്തവൻ ആണ്, വീട്ടുകാരൻ ആണ്.  ഓണം നന്നായി നടത്തി കൊണ്ടു പോകേണ്ട ചുമതല നിനക്ക് ആണ്. അത് ചെയ്തില്ല. അതിനാണ് ശിക്ഷ...പിന്നെ..
അച്ഛൻ പറഞ്ഞില്ല, ഞാൻ മനസ്സിലാക്കി- അച്ചന്  എന്നെ ശിക്ഷിക്കാൻ അല്ലെ അധികാരമുള്ളത്.

വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് ഇഷ്ട്ട ഭക്ഷണം, എന്തെങ്കിലും നല്ലൊരു സമ്മാനം. രാത്രി അച്ഛനും, സമ്മാന ത്തിന്റെയും അച്ഛന്റെ സൗഹൃദത്തിന്റെയും സന്തോഷവുമായി ഞാനും ,വീട്ടിൽ മടങ്ങി എത്തും.

എല്ലാം സഹിച്ചു ഒരു സംരംഭത്തെ, പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടു പോകേണ്ട വനാണ് ഞാൻ- അച്ഛൻ പറഞ്ഞ തിനെ അങ്ങനെ വായിച്ചെടുത്ത് കൊണ്ടു ഞാൻ ജീവിതത്തിൽ ഇറങ്ങി ; ജീവിച്ചു.

1993 ,1994 വർഷങ്ങളിൽ അമ്മയും അച്ഛനും വിട്ടു പിരിഞ്ഞു.അതു വരെ ഓണം അവരോടൊപ്പം മാത്രമായിരുന്നു.
അതിനു ശേഷം, അവരുടെ  ചിത്രത്തിന്റ മുന്നിൽ നിന്നു, അവരുടെ സാന്നിധ്യത്തിന്റ സ്പർശം അറിഞ്ഞു, സ്വന്തം വീട്ടിലും.




No comments:

Post a Comment