Sunday 29 March 2020

കോവിഡിന്റെ കാലം: മന:മർമരങ്ങൾ

മാര്ച്ച് 8ആം തീയതി വൈകുന്നേരം വെയിലില് തീനാളങ്ങളുടെ ചൂട് തോന്നി. മനസ് മന്ത്രിച്ചു, കേരളത്തിന്റെ മണ്ണിൽ  കൊറോണ വൈറസ് കാലുറപ്പിച്ചിരിക്കുന്നു. വൈറോളജിസ്റ്റോ, എപിഡമിയലോജിസ്റ്റോ അല്ലെങ്കിലും, മഹാരോഗങ്ങളുടെ തേര് വാഴ്ച കളുടെ ചരിത്രം വായിച്ച ഓര്മയാകാം  ഈ ദുരാ sankaയുടെ വിത്ത് മനസ്സിൽ ഇട്ടത്. തിരുത്താൻ മനസ് വിസമ്മതിച്ചു.
അടുത്ത ദിവസം നടക്കുന്ന ആറ്റുകാൽ പൊങ്കാലയെ കുറിച്ചായി ആശങ്ക. അത് അപകടം ഇല്ലാതെ കഴിഞ്ഞുവന്നത് ആശ്വാസമായി.
അടുത്ത ഞായറാ ഴ്ച്ച പങ്കെടുക്കേണ്ട ഒരു പരിപാടിയുണ്ട്. മറ്റൊരു ദിവസം പ്രഭാഷകനായി പങ്കെടുക്കേണ്ട മറ്റൊന്നുണ്ട്. ഒരു മെഡിക്കൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കാനുണ്ട്. എല്ലാം, നൂറിൽ താഴെ പേർ മാത്രം പങ്കെടുക്കുന്നവ ആണ്. മൂന്നു സംഘാടകരെ വിളിച്ച്  ഈ പകർച്ച വ്യാധിയുടെ സാഹചര്യ ത്തിൽ, പരിപാടി മാറ്റി വെക്കുന്നതാണ് ഉചിതം എന്നു പറഞ്ഞു. അവിശ്വാസവും പരിഹാസവും കലർന്ന വിയോജനമാണ്  അവരിൽ ചിലരിൽ നിന്ന് പ്രതികരണമായി ലഭിച്ചത്.

പകർച്ചവ്യാധി പ്രതിരോധവും, കാട്ടു തീ തടയുന്നതും ഒരേ പോലെയാണ്. രണ്ടിലും, നടപടികൾ അതിതീവ്രവും അധികരിക്കുന്നതും അതിശീഘ്രവും ആകേണ്ടിവരും. രണ്ടിൻറെയും അപകട സാഫ്ധ്യത പ്രത്യക്ഷത്തിൽ ബോധ്യപ്പെടാത്തവരിൽ ,അവിശ്വാസവും അമർഷവും സ്വാഭാവികമാണ്. 

സർക്കാറിലേക്കും നിവേദനങ്ങൾ നൽകി. ലോക്ക് ഡൗണ് ആവശ്യപെടാൻ ആദ്യം ധൈര്യം വന്നില്ല.  അവശ്യ  സർവീസുകൾ മാത്രം നില നിറുത്തി, മറ്റുള്ള സർക്കാർ ജീവനക്കാർക്കും, സ്വകാര്യ ജീവനക്കാർക്കും രണ്ടു ആഴ്ച്ച കർശനമായി ഹോം ക്വരൻറെയിൻ ഏർപ്പെടുത്തി വൈറസ് പ്രതിരോധം ശക്തിപ്പെടുത്തണം എന്നു അപേക്ഷിച്ചാണ് എഴുതിയത്. ഔദ്യോഗിക തലത്തിൽ സർക്കാരിനോട് ബദ്പ്പെട്ടിരിക്കുന്നവർക്കും എഴുതി. നേരിട്ടു വിളിച്ച് ഈ നിർദേശം ഒന്നു പരിഗണിക്കണമെന്ന് അപേക്ഷിച്ചു. ഔദ്യോഗിക സ്ഥാനമോ, പദവിയോ, സാമൂഹിക മൂലധനമോ (സോഷ്യൽ ക്യാപിറ്റൽ), രാഷ്ട്രീയ സ്വാധീനമോ മാധ്യമ പരിലാളനയോ ഇല്ലാത്ത ഒരുവൻ സമർപ്പിക്കുന്ന നിർദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും സാധാരണ ഗതി അറിയുന്നത് കൊണ്ടു,   അവഗണനയിൽ  വലിയ ഖേദം തോന്നിയില്ല.
മാർച്ച 22 ന്റെ ജനതാ കർഫ്യൂവും, അടുത്ത ദിവസം വന്ന കേരള ലോക്ഡൗണും, 24 ൽ എത്തിയ ദേശീയ ലോക്ഡൗണും  ആശ്വാസമായി തോന്നി. ഒന്നു രണ്ടാഴ്ച്ച നേരത്തെ ആയിരുന്നെങ്കിൽ  കൂടുതൽ നന്നായേനെ എന്നും  ഇടക്ക് തോന്നി.

ലോക്ഡൗൻ സൃഷ്ടിക്കുന്ന ജീവിതപ്രതിസന്ധികളെ കുറിച്ചുള്ള ആശങ്ക നാൾ തോറും വർധിക്കുന്നു. സ്ഥിരം ശമ്പള വും ഉയർന്ന സാമ്പത്തിക നിലയും ഇല്ലാതെ, ചെറിയ സംരംഭങ്ങളും, ജോലിക്കു മാത്രം  വരുമാനവുമായി കഴിയുന്ന അസംഘടിത  സ്‌റേനിയിൽ ഉള്ളവർക്ക് മുന്നിൽ, വറുതിയുടെയും നിസ്സഹായതയുടെയും മരുഭൂമിയാണ് നീണ്ടു കിടക്കുന്നതു.

ശ്വാസകോശ രോഗചികിത്സയിലും, തീവ്രചികിത്സയിലും അത്യാധുനിക പരിശീല റ്നം നേടി, അമേരിക്കയിലെ വിഖ്യാത ആസുപത്രിയിൽ സേവനം അനുഷ്ഠിക്കുന്ന ഡോ. അനു കുമാർ തന്റെ ദിവസങ്ങളെ കുറിച്ചു എഴുതി: 
സമ്പന്ന രാജ്യം ആണെങ്കിലും, അത്യാധുനിക ആശുപത്രി ആണെങ്കിലും, വ്യക്തി സുരക്ഷാ സാമഗ്രികൾ (പി. പി. ഈ) വേണ്ടത്ര കിട്ടാനില്ല. ജോലി കഴിഞ്ഞു വീട്ടിലെത്തതുന്ന തനിക്കു മൂന്നു മാസം പ്രായമുള്ള കുഞ്ഞുമോളേ  അകലെ നിന്നു കണ്ടു സാന്തോഷിക്കാനെ ധൈര്യമുള്ളു.

 നാലു മണിക്കൂർ  ഐ.സി. യു  ഗൗണിൽ കഴിയുന്നത് ദുസ്സഹമാണ്. ആ സമയം വെള്ളം പോലും കുടിക്കില്ല, ടോയ്‌ലെട്ടിൽ പോകാനും വയ്യ. പകരം മാറ്റാൻ ഐ.സി.യു ഗൗണ് കിട്ടാനില്ല. 
 ലോകത്തെമ്പാടും  കോവീട് രോഗികളെ ചികിൽസിക്കുന്ന ഡോക്ടർമാരും പ രിചരിക്കുന്ന നഴ്സ്ല് മാരും   ജോലി ചെയ്യുന്ന സാഹചര്യം   ഇതാണ്.

അനു കുമാർ തുടർന്നു എഴുതി:
 'ഇതൊന്നും സാരമില്ല.
അടുത്ത നാല് ആഴ്ചകളിൽ കോവിഡിന്റെ ഭീകര താണ്ഡവം തങ്ങളുടെ മുൻപിൽ എ ത്തും, അതിനെ നേരിടുന്നതിനുള്ള മുന്നണി പോരാളിയായി ഞാൻ ഉണ്ടാകും. ലോകത്തെ ഏറ്റവും പ്രസിദ്ധമായ ക്ളീവ് ലൻഡ്  ക്ലിനിക്കിൽ നിന്നു പരിശീലനം നേടാൻ അവസരം കിട്ടിയ  എനിക്ക്, ഈ സേവനം ചെയ്യുക എന്നത്  ജീവിതനിയോഗം  ആണ്. എന്നും ആയിരിക്കും. ഞാൻ കോവിഡിനെതിരെ അവസാനം വരെ   യുദ്ധം ചെയ്യും'
ലോകത്ത്
 എല്ലാ ആതുരാലയങ്ങളിലെയും ഈ പടയാളികൾ അങ്ങനെയാണ്.ജീവനും മരണവും തമ്മിലുള്ള യുദ്ധ ഭൂമിയിൽ, രോഗിയെ അനാഥനാക്കി അവർ പിന്മാറുകയില്ല.
അവർക്ക് വിജയവും, സുരക്ഷിതത്വവും നന്മയും നേർന്നു.  സർക്കാർ മെഡിക്കൽ കോളേജിലെ സേവനകാലത്തിന്റെ ഓർമകളും ബിംബങ്ങളും മനസ്സിൽ നിറഞ്ഞു.

 മൂന്നിൽ ഒന്നു ജോലിക്കാർ, ഒരു ആഴ്ച്ച ഡ്യൂട്ടിയും, മറ്റുള്ളവർ രണ്ടാഴ്ച ഹോം ക്വറന്റിനും എന്ന ചിട്ട നിലവിലുള്ള  ഈ ആശുപത്രിയിൽ ആദ്യത്തെ ആഴ്ച്ച ഡ്യൂട്ടി എടുത്തു. പ്രായം കൊണ്ടു ഡ്യൂട്ടി ഇളവിന് അർഹത ഉണ്ടായിരുന്നെങ്കിലും, മറ്റു രണ്ടു സി കൺസൽതണ്ട് മാർക്കും ഡ്യൂട്ടിക്ക് എത്തുക അസാധ്യമായിരുന്നു.
രാവിലെ ആശുപത്രിയിലേക്ക് തിരിച്ചച്പ്പൾ എട്ട് വയസ്സുകാരനായ ഭരത്  വിലക്കി.

'അച്ചച്ച,  അറുപത്തി അഞ്ച് വയസ് കഴിഞ്ഞ അച്‌ഛച്‌ഛനും, പത്ത് വയ്സ് ആകാത്ത ഞാനും വെളിയിൽ പോകരുത്. സ്റ്റേ അറ്റ് ഹോം'

എം.ഡി.കാരനായ യുവ ഡോക്ടറും, എം.ഫിൽ കാരിയായ ക്ലിനിക്കൽ  സൈക്കോ ലോജിസ്റ്റും കൂടെ യുണ്ട്. ഒ. പി. ശുഷ്‌കം. ആശുപത്രി മിക്കവാറും വിജനം ആയിരുന്നു. ടെലിമെഡിസിൻ കണ്സൽറ്റേഷനും അപൂർവം ഒ.പി. കേസുകളും, വാർഡിൽ നിന്നുള്ള റഫറൻസ് കേസുകളും മാത്രം. അത്യന്തം ഗുരുതരമായ ഏതാനും കേസുകൾ അഡ്മിറ്റ് ചെയ്‌തു ചികിൽസിക്കേണ്ടി വന്നു. ദുർഘടമായ ചികിത്സാ ഘട്ടങ്ങൾ ഉണ്ടായെങ്കിലും, ഒന്നൊഴിച്ച് എല്ലാ രോഗികളും സുഖം പ്രാപിച്ചു. ഒരു ചെറിയ ടീമിനൊപ്പം, ആശുപത്രിയിൽ  രോഗികൾക്ക് കരുതലും ചികിത്സയും നൽകിയ  എം.ബി.ബി.എസ് കാലം ഓർത്തു. ഹൃദ്രോഗികളെയും, പ്രമേഹരോഗത്തിലെ കീട്ടോസിസ്,  സെപ്‌സിസ്, അതിജ്വരം എന്നിവ ബാധിച്ച രോഗികളെയും,  കണ്ണിമ വെട്ടാതെ കരുതലോടെ  പരിചരിച്ചു ചി കിൽസിച്ച  നാളുകൾ. !

വലിയ പ്രശ്നങ്ങൾ ഇല്ലാതെ ഒരാഴ്ച കടന്നതിൽ ചാരിതാർഥ്യവും ആശ്വാസവും തോന്നി.  ടീം അംഗങ്ങൾ  പരസ്പരം കൈ കൂപ്പി ഡ്യൂട്ടിയിൽ നിന്നു വിട വാങ്ങി.

മെഡിക്കൽ കോളേജ് ക്യാംപസ് വഴി വീട്ടിലേക്കു മടങ്ങണം എന്നു തോന്നി. അമ്പത് വർഷങ്ങൾക്കു മുൻപ് വൈദ്യശാസ്ത്രം പഠിക്കാൻ പോയതും,  അഞ്ചര വർഷം കഴിഞ്ഞു ഡോക്ടറായി പുറത്തേക്കു വന്നതും ആ ക്യാമ്പസ്‌ലെ വഴിയിൽ കൂടിയാണ്.  ആ ദിവസ ങ്ങൾ ഓരോന്നിലും എത്രയോ തവണ നടന്ന വഴികൾ.
ക്യാംപസ് ഏതാണ്ട് വിജനം തന്നെ. ആർ.സി.സി. യുടെയും ശ്രീ ചിത്രയുടെയും മുന്നിൽ തലങ്ങും വിലങ്ങുമായി വാഹനങ്ങളും, അവയ്ക്കിടയിൽ കിതച്ചും കുത്ച്ചും ഓടുന്ന ജനങ്ങളുമില്ല.
നിരത്തിൽ വൃക്ഷങ്ങളുടെ തണൽ ഇടങ്ങൾ കണ്ടപ്പോൾ അത്ഭുതം തോന്നി- ഈ വഴിയിൽ ഇപ്പോഴും തണൽ ? ഫുട് ബോൾ കോർട്ടിന്റെ അരികിൽ  പുതിയ പുൽ നാമ്പുകൾ ഇഴയടുപ്പത്തോടെ വളർന്നു വരുന്നു. വെളുപ്പും, മഞ്ഞയുമായി കുഞ്ഞു പൂക്കൾ.  അവയ്ക്കിടയിൽ വലിയ വയറും നീളൻ സ്ഫടിക വാലും, പളുങ്ക് കണ്ണുകളുമായി, ഖസാക്കിലെ പൂർവീകരുടെ ആത്മാക്കളെ പോലെ  പറക്കുന്ന ഏതാനും തുമ്പികളും.
കാർ നിറുത്തി അല്പനേരം ആ വഴിയരികിൽ നിന്നു. ലോക്ഡൗൻ എത്തിയിട്ട്  അഞ്ചുദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു. വാഹനങ്ങളുടെ ഒടുങ്ങാത്ത ഖര മർമരവും, ജനസഞ്ചയങ്ങളുടെ  നിരന്തരമായ പാദ ചലനങ്ങളും അവസാനിച്ചു ദിവസങ്ങൾക്കുള്ളിൽ, ചെറിയ ഒരു മണ്ണ്തടത്തിൽ ,പ്രകൃതി അതിന്റെ എളിയ  ജീവഭംഗികളുമായി നമ്മെ തേടിയെത്തുന്നു.

മഹാമാരിയുടെ ദയാഹീനമായ നാൾവഴികളെ കുറിച്ചുള്ള വിഹ്വലതകൾക്കിടയിൽ, ഒരു കുളിർ കാറ്റിന്റെ മൃദു സ്പര്ശം പോലെ, ആ പുൽകൊടികൾ,  പൂക്കൾ,  തുമ്പികൾ, തണൽതടങ്ങൾ മനസ്സിൽ കയറി.

 എത്രയോ നാളുകൾക്കു ശേഷം , മോചന മന്ത്രം ശ്രവിച്ചത് പോലെ  ഒരു ശാന്തതയുമായി  വീട്ടിലേക്കു കാറോടിച്ചു..

Dr. K.A.Kumar
Trivandrum.695004
drkakumar@gmail.com





Thursday 26 March 2020

രക്ഷകരും യോദ്ധാക്കളും

മൂന്നാഴ്‌ചയിലേറെ ധരിച്ചിരുന്നത് പോലെ രാജ്യം സമ്പൂർണ ലോക്ഡൗണിലേക്കു നീങ്ങിയിരിക്കുന്നു. പ്രതിരോധ വാക്‌സിൻ, പ്രകടമായ പ്രാരംഭലക്ഷണങ്ങൾ എന്നിവ ഇല്ലാത്ത, ഇടനിലക്കാർ ഇല്ലാതെ മനുഷ്യനിൽ നിന്നു മനുഷ്യനിലേക്ക് പകരുന്നമഹാരോഗത്തിന് പരമാവധി സമ്പർക്ക വിലക്ക് മാത്രമാണ് പ്രതിരോധം. 
സമ്പർക്ക നിരീക്ഷണം, ലാബ് പരിശോധന എന്നിവയിലൂടെ രോഗത്തെ സമൂഹത്തിൽ പ്രതിരോധിക്കുന്ന പൊതുജനാരോഗ്യ പ്രവർത്തകർ, സമ്പർക്ക വിലക്ക് കര്ശനനമായി നടപ്പാക്കുന്ന പോലീസ്, പ്രാദേശിക അധികാരികൾ  എന്നിവർ ആണ് ആദ്യ തലത്തിൽ നമ്മെ രക്ഷിക്കാൻ പയറ്റുന്നത്.  ഇവർക്ക് നേരിടേണ്ടി വരുന്നത് ജനങ്ങളുടെ നിസ്സഹകരണം, വിദ്വേഷം എന്നിവയും സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ്.  സ്വയം രോഗബാധ ഉണ്ടാകുമോ എന്ന ഭീതിയിലാണ് അവർ ജോലി ചെയ്യുന്നത്.  ഏറെപ്പേർക്ക് ആ  ദുരന്തം ഉണ്ടാകുന്നില്ല എങ്കിലും അത് പ്രയാസകരമായ തൊഴിൽ സാഹചര്യമാണ്.
രോഗം ബാധിച്ചവരെ ആശുപത്രിയിൽ ചികില്സിക്കുകയും പരിചരി ക്കുകയും ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ എന്നിവർ  ജോലി ചെയ്യുന്നത് ഭീഷണമായ സാഹചര്യത്തിലാണ്. തീവ്ര പരിചരണ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ മാരകമായ അപകടത്തിന്റെ തൊട്ടുമുന്നിൽ  കഴിഞ്ഞുകൊണ്ടാണ്. 
 രോഗം ഒട്ടു മിക്കവരിലും വലിയ പ്രശനം ഇല്ലാതെ പിൻവാങ്ങുമ്പോൾ, മറ്റുള്ളവരിൽ  അതിഭീകരമായ അവസ്ഥയിൽ കൂടിയാണ് രോഗി മരണത്തിലേക്ക് നീങ്ങുന്നത്.  അവരെ ചികില്സിക്കുന്നതു,   ശത്രു പാലയത്തിനകത്ത് കടന്നു കയറി ചെയ്യുന്ന ഘോര യുദ്ധം   തന്നെയാണ്. ജീവൻ പണമില്ലാത്ത വായു മാത്രം എന്നത് അവരുടെ കണ്മുന്നിൽ ആണ്. കോവിദ് 19 രോഗത്തിന്റെ തീവ്രഘട്ടത്തിൽ ഉണ്ടാകുന്ന നുമോണിയയിൽ രോഗിയുടെ ശ്വാസകോശങ്ങളിൽ രക്തം നിറഞ്ഞു , സ്വന്തം രക്തത്തിൽ തന്നെ മുങ്ങി മരിക്കുന്ന ഭീകര അവസ്‌ഥ യാണ്  ഉണ്ടാകുന്നത്. ഈ ദുരന്തത്തിന്റെ നിമിഷ വഴികളിൽ രോഗിയോടൊപ്പം നിന്നു ചികില്സിക്കുകയും പരിചരി ക്കുകയും അതി ദുഷ്കരമായ അനുഭവമാണ്. ശ്രേഷ്ഠമായ കർമം ആണ്. തന്റെ കണ്മുമ്പിൽ, കൈകളിൽ ജീവൻ  നിലനിറുത്താൻ തീവ്രശ്രമം നടത്തുന്ന രോഗിയുടെ സ്ഥാനത്ത് സ്വയം കാണാതെ,  വീട്ടിൽ തന്നെ കാത്തിരിക്കുന്ന പ്രീയപ്പെട്ടവരെ ഓർക്കാതെയാണ് ഈ ചികിത്സകനും ശു സ്‌റൂ ഷകനും തന്റെ ധർമം നിർവഹിക്കുന്നത്.
ഈ ചികിത്സകരെയും ശുസ്രൂഷകരെയും പൊതുജനാരോഗ്യപ്രവര്തകരെയും  സ്നേഹാദരങ്ങളോടെ പരാമര്ശിക്കാൻ നമ്മുടെ പ്രധാന മന്ത്രിയും മുഖ്യമന്ത്രിയും ശ്രദ്ധിച്ചത് സമുചിതമായി. 
എന്നാൽ, ഈ ആദരം പ്രായോഗികമായ ആനുകൂല്യം ആയി നടപ്പിലാക്കേണ്ടിയിരിക്കുന്നു. ചികിത്സകർക്കും, നഴ്‌സുമാർക്കും നഴ്സിങ് പരിചാരകർക്കും പ്രതിമാസ വേതന ത്തിന്റെ ഇരട്ടിയും, പൊതുജനാരോഗ്യപ്രവര്തതകർക്ക്  അൻപതു ശതമാനം അധിക വേതനവും നൽകുക എന്നത് ഈ മഹാ രോഗം പിൻവാങ്ങുന്നത് വരെ നടപ്പാക്കുക എന്നത് മിതമായ, യുക്തമായ  നടപടി ആയിരിക്കും. ഈ യുദ്ധ് ത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ അനാഥമാകുന്ന കുടുംബങ്ങൾക്ക്, യുദ്ധഭൂമിയിൽ  മരണം അടയുന്ന സൈനികന് നൽകുന്ന അതേ ആനുകൂല്യം നൽകണം. ഇതും  രാജ്യത്തിനു വേണ്ടിയുള്ള വീര ചരമം ആയി കാണണം.

കോവിദ് 19 യുദ്ധത്തിലെ ധീരയോദ്ധാക്കൾ ആണ് ഈ ആരോഗ്യ പ്രവർത്തകർ. രാജ്യത്തിന്റെയും ഭരണ വ്യവസ്ഥയുടെയും ആദരവും കടപ്പാടും, പ്രയോജനകരവും, സത്വരവും യഥാർധവും ആയ രീതിയിൽ നൽകാൻ നമുക്ക്  ധാർമിക ബാധ്യത ഉണ്ട്.
ഡോ.കെ.ഏ.കുമാർ
മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ
drkakumar@ gmail.com

Monday 9 March 2020

അമ്മയും ആറ്റുകാൽ അമ്മയും: ഓർമയും വിചാരവും

ആറ്റുകാൽ  ക്ഷേത്രത്തെ ക്കുറിച്ചുള്ള ഓർമകൾക്ക്  അറുപതു വര്ഷം പ്രായമുണ്ട്.

തൊള്ളായിരത്തി അ റു പതുകളിൽ കോളേജ് വിദ്യാഭ്യാസത്തിനായി  തിരുവനന്തപുരത്തെത്തിയകാലത്തു അത് തുടങ്ങുന്നു.  വയൽക്കരയിൽ പഴമയുടെ സൗന്ദര്യവുമായി  ഒരു കുഞ്ഞു ക്ഷേത്രം.

 ആൽത്തറ  ദേവീക്ഷേത്രത്തിനു പുറകിലെ വാടകവീട്ടിലാണ് അന്ന്  ഞങ്ങൾ  താമസം. അവിടെ അമ്മയുടെ നിത്യ പ്രാർത്ഥന. മൂന്നോ നാലോ മാസത്തിലൊരിക്കൽ ആറ്റുകാൽ ദേവിയെ കാണാൻ പോകും. കിഴക്കേകോട്ട ബസ് ഇറങ്ങി നടന്നു പോകണം. കൂട്ടുകാരായി ഒന്നോ രണ്ടോ പേര് ഉണ്ടാകും അമ്മക്ക്. ആരെയും കിട്ടാതെ വരുമ്പോൾ കൂടെ പോകാൻ എന്നെ വിളിക്കും.

അന്ന് ഞാൻ  കൗമാരബുദ്ധിജീവിയും കടുത്ത  നിരീശ്വരവാദിയുമാണ്. അമ്മയുടെ അപേക്ഷ അത്ര പെട്ടെന്നൊന്നും ഞാൻ സ്വീകരിക്കില്ല. പക്ഷെ അമ്മയെ തനിയെ വിടാനും മനസ്സില്ല. അങ്ങനെ  ഒരു അംഗ രക്ഷകനോ പാർശ്വവർത്തിയോ ആയി പോയാണ് ആറ്റുകാൽ  ക്ഷേത്രവും ദേവിയും എനിക്ക് പരിചിതമാകുന്നത്. യാത്രയിൽ ഉടനീളം അമ്മയുടെ അന്ധവിശ്വാസത്തെ ഇളക്കാൻ  ഞാൻ  ശ്രമിക്കും. ഒരുമിച്ച്  നടക്കുന്ന ദൂരത്തുടനീളം . 'അമ്മ എന്നെ തന്റെ കുടക്കീഴിൽ ഒതുക്കി നിര്ത്താന് നോക്കും. ഞാൻ അത് തട്ടി മാറ്റും. അമ്മയുടെ കൈയിലെ കുടയും അന്ധവിശ്വാസത്തിന്റെ കുടയും എനിക്ക് വേണ്ട, വേണ്ട, വേണ്ട.

ഒന്ന് രണ്ടു തവണ പൊങ്കാലയ്ക്ക് പോയതും ഓർമയുണ്ട്. അമ്പലമുറ്റത്തും, വയൽപ്പരപ്പിലുമായി ഒരു ചെറിയ ഭക്തജനക്കൂട്ടം. ശ്രമപ്പെട്ടു ഊതിക്കത്തിക്കുന്ന കൊച്ച്ടുപ്പുകൾ. സൗമ്യമായ പ്രാർത്ഥനാധ്വനികൾ.
വിയർപ്പും കരി യും മുഖത്തും, ദേഹത്തുമായി മടങ്ങുന്ന അമ്മയെ ഞാൻ വീണ്ടും ശകാരിക്കും.അമ്മയുടെകണ്ണുകളിൽ പടർന്നുകിടക്കുന്ന ചുവപ്പും, കണ്ണീർപ്പാടും കാണുമ്പോൾ ഞാൻ ചോദിക്കും,
'അമ്മയെന്തിന് കരഞ്ഞു?'
'ദൈവത്തെ മനസ്സ് നിറഞ്ഞു പ്രാർത്തിക്കുമ്പോൾ എല്ലാവരും കരയും.'
'അമ്മ വിശദീകരിക്കും.
ബാഗ്ലൂർ നിംഹാൻസിലെ  എം.ഡി. എടുത്തു കഴിഞ്ഞു ഞാൻ പത്തുവര്ഷത്തോളം കോട്ടയം മെഡിക്കൽ കോളേജിൽ ജോലി ചെയ്തു.ഈ കാലയളവിൽ ആറ്റുകാൽ ക്ഷേത്രവും പൊങ്കാലയും വളരെ വളർന്നു. ക്ഷേത്രഭരണവും  വരുമാനവും അതിനൊപ്പം വളർന്നു. പൊങ്കാല നഗരത്തിന്റെ  മഹോത്സവം  ആയി.

കിളിമാനൂരിൽ അച്ഛനൊപ്പം  താമസിച്ചിരുന്ന 'അമ്മ എല്ലാ വർഷവും  ആറ്റുകാൽ പൊങ്കാല ഇടുന്ന തു ഞാൻ അറിഞ്ഞിരുന്നു. തിരുവനന്തപുരത്ത് ബന്ധുക്കളും സുഹൃത്തുക്കളുമായവരുടെ  സഹായത്തോടെ 'അമ്മ അത് തുടർന്നു.

എൺപതുകളിൽ ഞാൻ തിരുവനന്തപുരത്തെത്ത്തിയപ്പോൾ എന്റെവീട്ടിൽ രണ്ടുമൂന്നു ദിവസം വന്നു നിന്ന് പൊങ്കാല ഇടുന്നതായി അമ്മയുടെ പതിവ്.

അത് എന്റെയും, വീട്ടിൽ ഞങ്ങൾ എല്ലാവരുടെയും, പേടി സ്വപ്നം ആയി.

വൈ ദ്യവൃത്തിയിലടക്കം , ഞാൻ കണ്ടി ട്ടുള്ള  ഏറ്റവും രൂക്ഷമായ  മൈഗ്രയിൻ അമ്മക്കുണ്ടായിക്കൊണ്ടിരുന്നതാണ്. കടുത്ത  തലകറക്കവും, തുടരെയുള്ള  ഛർദിയും ആയി ,കണ്ടുനിൽക്കാൻ തന്നെ  പ്രയാസമുള്ള  ബേസിലാർ മൈഗ്രേയിൻ.
അന്നും ചില പ്രതിരോധ മരുന്നുകൾ ഉണ്ട്. 'അമ്മ അത് മുടക്കും. ഇടയ്ക്കു രോഗം വരും. ഏറ്റവും കടുത്ത  മൈഗ്രേയിൻ എത്തുന്നത് പൊങ്കാല കഴിഞ്ഞു വീട്ടിലെത്തുമ്പോൾ ആണ്. അത് കണ്ടു സഹിക്കുക പ്രയാസം.
ഞാൻ ശക്തിയായി ഇടപെട്ടു.
'ഇത് ഇനി നിര്ത്തിയെ പറ്റൂ.' ഞാൻ കര്ശനമായി പറഞ്ഞു.
'അമ്മ വഴങ്ങിയില്ല.
'ഈ കരി യും പുകയും വിയർപ്പും ഒക്കെ ഏറ്റുവാങ്ങി  ഈ പൊങ്കാല എന്തിനു 'അമ്മ തുടരുന്നു, എനിക്ക് മനസ്സിലാകുന്നില്ല.'

അല്പസമയം കണ്ണടച്ച് നിശ്ശബ്ദയായി ഇരുന്നിട്ട് 'അമ്മ പറഞ്ഞു.

'ഇതിനേക്കാൾ കറിയും, പുകയും, കണ്ണീരും നിറഞ്ഞതായിരുന്നു എന്റെ ജീവിതത്തിലെ  വളരെക്കാലം. അതൊന്നും നിങ്ങൾ  അന്ന് കണ്ടിട്ടുണ്ടാവില്ല. കണ്ടിട്ടുണ്ടെങ്കിലും  ഓര്മിക്കുന്നുണ്ടാവില്ല.'

ഞാൻ ആലോചിച്ചു.
അഞ്ചുവയസ്സുപ്രായമുള്ളപ്പോൾ അച്ഛനെ നഷ്ടപ്പെട്ട , ചൂഷകനായ ഒരു കാരണവരുടെ തണലിൽ  'അമ്മമ്മ  മാത്രം വളർത്തിയ മകളായിരുന്നു 'അമ്മ. വിവാഹശേഷം ഏറെക്കാലം അച്ഛന്റെ കൂട്ടുകുടുംബത്തിൽ അടുക്കളക്കാരിയായി 'അമ്മ  കഴിഞ്ഞു. കരി യും, പുകയും, കണ്ണീരും  അപരിചതം ആകാൻ സാധ്യതയില്ല.
അമ്മയുടെ അക്കാലത്തെ  മുഖവും  ഉലഞ്ഞ  കരിപുരണ്ട  വസ്ത്രങ്ങളും
കുറെയൊക്കെ എനിക്ക് ഓർക്കാനും കഴിയുന്നുണ്ട്.

'ആറ്റുകാലമ്മക്ക്‌വേണ്ടി , കണ്ണുനിറഞ്ഞു പൊങ്കാല ഇടുമ്പോൾ  എല്ലാ ദുഖവും
പുകപോലെ പറന്നുപോകുന്നു. എനിക്ക് മാത്രമല്ല.   മിക്ക 'അമ്മമാർക്കും അതങ്ങനെയാണ്..'

അമ്മയുടെ  കൈ  പിടിച്ച് ഏറെ നേരം ഞാൻ ഇരുന്നു. പൊങ്കാലയെപ്പറ്റി പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.

1993 മാർച്ച്‌  വരെ  എല്ലാ വർഷവും     'അമ്മ  പൊങ്കാല ഇട്ടു. ആഗസ്റ്റിൽ  ഒരു പക്ഷിയെ  പോലെ   പറന്നു.പോയി.    
  
  ഇന്ന് രാഷ്ട്രീയം,   ആത്മീയം  ഭരണം, തുടങ്ങിയ രംഗത്തെ ഉന്നതന്മാർ  തൊട്ടുരുമ്മിനിന്നു   നടത്തുന്ന പൊങ്കാല കണ്ടു. കൊറോണ  വൈറസ്  ബാധയെക്കുറിച്ചുള്ള  അതിജാഗ്രതാ നിർദേശം അരികെ  നിൽക്കവേ ആണ്
ഈ .ജനലക്ഷങ്ങൾ അണി  നിര ക്കുന്നത്. അവരോടൊപ്പം ഈ നേതാക്കന്മാർ  നിരന്നു നിക്കുന്നത്.

 അമ്മയെ  ഓർത്തു.

 ദേവിയെ പ്രാർത്‌ഥിക്കുമ്പോഴും,   മുടങ്ങാതെ പൊങ്കാല ഇടുമ്പോഴും,  'അമ്മ  കുത്തിയോട്ടത്തെ കുറിച്ചു വ്യസനിച്ചു.

വൈറസ് ബാധയുടെ വിപത്തിനെക്കുറിച്ച്  മനസ്സിലാക്കി കൊടുത്തിരുന്നെങ്കിൽ  'അമ്മ  ഇത്തവണ  വീട്ടിൽ പൊങ്കാല  ഇട്ട്  സംതൃപ്തി  കണ്ടെത്തിയേനെ:
 ഒട്ടു  മിക്ക    അമ്മമാരും,  സ്വന്തം നിലയിൽ, അങ്ങനെ ചെയ്യുമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു...

സ്വന്തം നിലയിൽ ഒന്നും ചിന്തിക്കാൻ ഇന്ന് അവർക്കു ആവില്ലല്ലോ!
 
അവർ അല്ലല്ലോ, അവരാരും അല്ലല്ലോ   ആരാരാധനയും, ആചാരങ്ങളും  എങ്ങനെ വേണമെന്ന്  തീരുമാനിക്കുന്നത്...

Dr.K.A.Kumar
drkakumar@gmail.com