Monday 7 May 2018

ആശുപത്രിയിലെ വസ്ത്രാക്ഷേപങ്ങൾ

വലിയ ഒരാശുപത്രിയിലെ വളരെ സീനിയർ ഡോക്ടർ പറയുന്നത്.

പ്രധാനപ്പെട്ട പരിശോധനക്ക് പോയതാണ്. അതിനായി കിടത്തി. ഡോക്ടർമാരെല്ലാം പരിചയക്കാർ. നഴ്സുമാരുരും ഏതാണ്ടെല്ലാവരും അങ്ങിനെ തന്നെ. പരിശോധനയുടെ ആവശ്യത്തിന് ഒരുപക്ഷേ അരക്കെട്ടു ആവശ്യമായേക്കാം. പരിശോധനാമുറിയിൽ രണ്ടു മൂന്നു സ്ത്രീകളുണ്ട്. നഴ്സും ടെക്നിഷ്യനും. അവർ രോഗവിവരങ്ങൾ ആരാഞ്ഞുകൊണ്ടിരുന്നു. ഡോക്ടർ തയ്യാറെടുക്കുന്നേയുള്ളു. കിടക്കയുടെ അരികിലെത്തിയ കുറിയ മനുഷ്യ ൻ, (സ്‌ക്രബ് നേഴ്സ്) ആയിരിക്കണം  ഒറ്റവലിക്ക് ഷർട്ടും കാലുറയും .അഴിച്ചുമാറ്റി. പിന്നെ കണ്ണടച്ച് കിടക്കുകയെ ചെയ്യാനുള്ളൂ.

നഴ്സിംഗ് കോളേജിലെ  പ്രഗത്ഭയായ പ്രൊഫസർ   നഴ്സിംഗ് ബിഎസ്സിക്ക് പഠിച്ചിരുന്ന കാലത്തെ  അനുഭവം പറഞ്ഞു . രണ്ടാം വർഷത്തെ വിദ്യാർഥിനി. പതിനെട്ടു വയസ്സ്. വയറുവേദനയും  രക്തസ്രാവവും കലശലായപ്പോൾ  കൂട്ടുകാരികളോട് പറഞ്ഞു . അവർ ഹോസ്റ്റൽ മെട്രനോട് പറഞ്ഞു. മെട്രോൺ ഗൈണക്കിലെ അസിസ്റ്റന്റ് പ്രൊഫസറെയും കൂട്ടി  മുറിയിലെത്തി. മറ്റു കുട്ടികളെ മുറിക്കു വെളിയിലാക്കി. ഇരുവരും കൂടി നടത്തിയ പരിശോധന ഓർക്കുമ്പോൾ ഇന്നും ,ഭയവും സങ്കോചവും മനസ്സിൽ മടങ്ങി വരുന്നു. പൂർണ നഗ്നയാക്കി കിടത്തി. കാലകത്തി വാജിനയിലേക്കു വിരൽ കടത്തി . കന്യകയാണെന്നു കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ      മെട്രണിന്റെ മുഖത്ത് കണ്ട ഭീകരത ഇന്നും കണ്മുന്പിലുണ്ട്. ഡോക്ടറുടെ മുഖത്ത്   സുവോളജി ലാബിൽ തവളയെ കീറുന്ന ഭാവം. രാത്രി തന്നെ ആശുപത്രിയിലാക്കി. അവിടെയും ഇതൊക്കെ ആവർത്തിച്ച രണ്ടുദിവസം. എൻഡോമെട്രിയോസിസ് എന്ന രോഗത്തിന്റെ ആരംഭം.  പിന്നെ വളരെ വിഷമിപ്പിച്ചു. പക്ഷെ അതിലേറെ വിഷമം  ഹോസ്റ്റൽ മുറിയിലെ വസ്ത്രാക്ഷേപവും  പരുക്കൻ പരിശോധനയുമായിരുന്നു.

ഡോക്ടർ പറഞ്ഞു , അറുപത്തിലെത്തിയ എനിക്ക്  ലിംഗം     വിശേഷപ്പെട്ടതോ  രഹസ്യമാക്കിവെക്കേണ്ടതോ  അല്ലെന്നു  അവർ കരുതിയിരിക്കും. പോരെങ്കിൽ ഒരു ഡോക്ടറുമല്ലേ?  നഴ്സിംഗ് പ്രൊഫസർ പറഞ്ഞു, നഴ്സിംഗ്   പഠിക്കാൻ എത്തിയതാണെങ്കിലും  ഞാൻ  ഭയവും വേദനയും അനുഭവിക്കുന്ന കന്യകയായിരുന്നില്ലേ?

എന്തുകൊണ്ടാണ്  ഇങ്ങനെ നമ്മുടെ നാട്ടിൽ ഉണ്ടാകുന്നത് ; പരിശോധനക്ക് വസ്ത്രം മാറ്റേണ്ടി വരുമ്പോൾ  രോഗിക്ക് തോന്നാവുന്ന  വിഷമം  അറിയാൻ ചികിത്സകർക്കു കഴിയാതെ പോകുന്നത്? സൗമ്യമായി പറഞ്ഞു മനസ്സിലാക്കിയിട്ടല്ലേ ഇതുപോലൊരു  കാര്യം ചെയ്യാൻ പാടുള്ളു? 
ഈ മര്യാദ ഇന്നും മെഡിക്കൽ, നഴ്സിംഗ്  വിദ്യാലയങ്ങളിൽ  പരിശീലിപ്പിക്കപ്പെടുന്നുണ്ടോ, ഒന്നോ രണ്ടോ അധ്യാപകാരെ ഒഴിച്ച് നിറുത്തിയാൽ?
Dr.Kumar.K.A
Trivandrum.695004
9447035533
  

No comments:

Post a Comment