Tuesday 13 February 2018

ബയോകെമിസ്റ്ററി  ലെക്ചർ ഹാൾ-
പതിനാലാം ബാച്ചിന്റെ ( 1964  ) ഓർമനിലാവ്.
-----------------------------------------------------------------------------------------
1964 ആഗസ്റ്റിൽ ആദ്യവാരത്തിൽ വെള്ളയും വെള്ളയുമണിഞ്ഞു
ക്യാമ്പസ്സിൽ വന്നുകയറിയപ്പോൾ അത്പോലെ തന്നെ വളരെപ്പേർ.സന്തോഷം,  സംതൃപ്തി,പരിഭ്രമം, ഭയം എല്ലാമുണ്ട് ഏതാണ്ട് എല്ലാ മുഖങ്ങളിലും.
ആദ്യദിനം വിശാലമായ തിരുമുറ്റത്ത് വരിയായിനിന്നു
ഹിപ്പോക്രറ്റിക് പ്രതിജ്ഞ എടുത്തു. നീളൻ മുഴുക്കയ്യൻ കോട്ടും ധരിച്ചു ഒത്തതടിയും  മുഖത്തു സൂര്യതേജസ്സുമായി നിന്ന പ്രിൻസിപ്പാൽ അതുപോലെതന്നെ മനസ്സിൽ കയറിക്കൂടി.
പിന്നെ ഓഡിറ്റോറിയത്തിനകത്തേക്കു. ഉപദേശങ്ങളും ഉല്ബോധനങ്ങളും ഒക്കെയായി ആദ്യത്തെ ദിവസം കഴിഞ്ഞു.
അടുത്ത ദിവസം രാവിലെ എട്ടിന് ബിയോകെമിസ്ട്രയ് ലെക്ചർ ഹാളിൽ  എത്താനുള്ള  നിർദേശവും കിട്ടി.

രണ്ടാമത്തെ ദിവസം രാവിലെ കോളേജ് ബസിൽ കയറി
കോളേജിൽ എത്തിയത് എട്ടിന് രണ്ടുമിനുട്ടു മുൻപ്. തൊട്ടടുത്ത് തന്നെയാണല്ലോ ബയോകെമിസ്ട്ട്രി ഹാൾ. ബസ്സിൽ നിന്ന് എല്ലാവരും ഒരൊറ്റ ഓട്ടം അവിടേക്കു. മനസ്സ്സിൽ അവജ്ഞ
തോന്നി. എന്തിനിത്ര വെപ്രാളം?
പതിവ് വേഗത്തിൽ നടന്നു ക്ലാസ്സിൽ കയറിയപ്പോൾ കണ്ണുതള്ളിപ്പോയി. ഗാലറിയിലെ കണ്ണെത്താവുന്ന സീറ്റുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. ഒരു സീറ്റു വേണമല്ലോ! ചുറ്റും കണ്ണോടിച്ചു നിൽക്കുമ്പോൾ  പുറകിലൊരു  അനക്കം.  സ്വിച്ചിട്ട തുപോലെ എല്ലാവരും ചാടിയെഴുന്നേൽക്കുന്നു.
തിരിഞ്ഞു നോക്കിയപ്പോൾ മുഴുനീള  വെള്ളയും  കയ്യിലൊരു ഹാജർ പുസ്തകവുമായി ഒരാൾ- അതെ നമ്മുടെ സോമൻ സാർ .
സീറ്റു തിരഞ്ഞു വിഷണ്ണരാ യി നിൽക്കുന്ന ഞങ്ങൾ മൂന്നു നാല്  പേരോട് ഗോ അപ് , എന്ന് വിരൽ ചൂണ്ടി പറഞ്ഞു കൊണ്ട് സോമൻ സാർ ഹാജർ എടുക്കുന്നതിന്റെ ചിട്ടകൾ പറഞ്ഞു.
എല്ലാം സായിപ്പിന്റെ ഇന്ഗ്ലീഷിൽ.
അടുത്തിരുന്ന ഒരുവൻ തൊട്ടുമുന്പിൽ ഇരുന്ന മറ്റവനോട് ചോദിച്ചു, ഇയാളാരാ?
ബയോകെമിസ്ട്രിയിലെ  ക്ലർക്കാ... അറ്റന്റൻസ് എടുക്കുന്നത് ക്ലർക്കാൻമാരായിരിക്കും, എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.( (പറഞ്ഞവൻ ഒരു ഡോക്ടറുടെ മകനാണെന്ന്  പിന്നെ അറിഞ്ഞു; അവൻ ഗുണ്ട് അടിച്ചതാണെന്നും)

എന്റമ്മേ, ക്ലർക്കിനു ഇത്ര  ആണെങ്കിൽ , സാറന്മാരും പ്രൊഫെസ്സറും ഒക്കെ  എന്ത് ഭയങ്കര ഇംഗ്ളീഷായിരിക്കും?
മുൻസീറ്റിലെ  തടിയൻ അല്പം ആശങ്ക പ്രകടിപ്പിച്ചു.

വര്ഷങ്ങള്ക്കുശേഷം അടുത്ത സൗഹൃദത്തിലായപ്പോൾ
ഈ  അനുഭവം പങ്കു വച്ചപ്പോൾ സോമൻ സാർ പറഞ്ഞു, നിങ്ങളുടെ ബാച്ചിൽ മാത്രമല്ല ഇത് സംഭവിക്കുന്നത്. ഈ ഇംഗ്ളീഷ് പറഞ്ഞില്ലെങ്കിൽ എനിക്ക് ഈ തസ്തികയും ചാർത്തിക്കിട്ടില്ല.
തൊട്ടടുത്തയാഴ്ച ക്ലാസ്സെടുക്കാനായി  സോമൻ സാർ എത്തുന്നതിനു മുൻപ് തന്നെ സാർ ആരാണെന്നു എല്ലാവരും അറിഞ്ഞിരുന്നു. ക്ലാസ് തുടങ്ങി  മിനിറ്റുകൾക്കുള്ളിൽ സാർ എന്താണെന്നും.
ആദ്യത്തെ പരീക്ഷ ഓർഗാനിക് കെമിസ്റ്ററിയിൽ ആയിരുന്നു.
ക്ലാസിലെ ഏറ്റവും ഉയർന്ന മാർക്ക് നേടിയപ്പോൾ സോമൻ സാറിന്റെ ശ്രദ്ധയിൽ പെട്ടു. പിന്നെ മാർക്കുകളിൽ   അല്പം പുറകോട്ടു പോയി. എങ്കിലും മെച്ചപ്പെട്ട മാർക്കായിരുന്നു
ബയോകെമിസ്ട്രിയിൽ. അനാട്ടമി വിഷമിപ്പിച്ചു. ഫർമക്കോളജിയും മൈക്രോബയോ ളജി യും കര യിച്ചു. കോളേജ് വിട്ടാലെന്തെന്നുവരെ ആലോചിച്ച ദിവസ്സങ്ങളുണ്ട്.
ക്ലിനിക്കൽ വിഷയങ്ങളിലൂടെ മെഡിസിൻ മനസ്സിൽ കടന്നു; തഴുകിയുണര്ത്തി.

വായന, സാമൂഹ്യബോധം, സാഹിത്യസ്നേഹം  ഇവയിലൊക്കെക്കൂടിയാണ്  സോമൻ സാറുമായി  പിന്നെ അടുത്തത്. വിരസ്സഭീകരമായിരുന്ന തീയറിക്ലാസ്സുകൾ ഉപേക്ഷിച്ച് ലൈബ്രറിയിൽ ഇരുന്നു ഫ്രോയ്ഡും യുങ്ങും ഹാവ്ലോക് എല്ലിസും വായിക്കുന്നത് സാർ തൊണ്ടിയോടെ പിടിച്ച്‌. അന്ന് തുടങ്ങിയ അടുപ്പം  മനസ്സിൽ സ്വച്ഛ്‌ചമായി ഒഴുകി.

ലൈബ്രറിയുടെയോ  ബയോകെമിസ്ടറി  ലെക്ചർ ക്ളാസ്സിന്റെയോ നവീകരണത്തിനാകണം ഞങ്ങളുടെ ബാച്ചിന്റെ സംഭാവന എന്ന് മനസ്സിൽ ഉറച്ചതാണ്. അത്  ഞങ്ങളും, അലുംനി അസോസിയേഷനും അംഗീകരിച്ചപ്പോൾ
സന്തോഷം തോന്നി.
ഇന്ന്, അത് യാഥാർഥ്യമാകുമ്പോൾ , മാതൃവിദ്യാലയത്തിനു
ഞങ്ങളുടെ ആദരവും സ്നേഹവും ആയി നവീകരിച്ച ഞങ്ങളുടെ ആദ്യ ക്ലാസ്‌റൂം അർപ്പണം നടത്തപ്പെടുമ്പോൾ
ചാരിതാർഥ്യവും സംതൃപ്തിയും മനസ്സിൽ നിറയുന്നു.

ആ ഹാളിലും, ഇടനാഴിയിലും , ലാബിലും ഇളം തെന്നൽ പോലെ  സോമൻ സാറിന്റെ സാന്നിധ്യവും മനസ്സിൽ ഒഴുകിവരുന്നു.

16th feb 2018, on dedication of renovated Biochem Lecture Hall,
Medical College, Thiruvananthapuram( Trivandrum)
Kumar.K.A ( 1964 Batch)

 





  

No comments:

Post a Comment