Tuesday 23 February 2021

Real Time America- Malayalam

  അമേരിക്കയിൽ അൽപ്പം തത്സമയം:

ഫെബ്രുവരി 2021. ഹൂസ്റ്റണ് കുറിപ്പ്

ആറു മാസങ്ങൾക്കു മുൻപ് അമേരിക്കയിലേക്ക്.  പറന്നെത്തിയത്‌ അത്യടിയന്തര സാഹചര്യത്തിൽ.   ഏഴു മാസം മാത്രം പ്രായമെത്തിയ പേരാക്കിടവ് ലൂമിയുടെ പരിപാലനം വഴി മുട്ടിയത് ആയിരുന്നു സാഹചര്യം. അവളുടെ അച്ഛനും, ഞങ്ങളുടെ മകനും ആയ ഡോ. അനുപം കുമാർ ഒരു പ്രമുഖ ആസ്‌.പത്രിയിലെ കോവിഡ് മുൻ നിര പോരാളി. 'അമ്മ ഡോ. അപർണ  മറ്റൊരു തിരക്കേറിയ ട്രെയിനിങ്  ആസ്പത്രിയിൽ ഫെല്ലോഷിപ്പ് ചെയ്യുന്നു. ലുമിയുടെ പരിപാലനത്തിന് ഏർപ്പെടുത്തിയ  ആയ (nanny ) ഏർപ്പാടുകൾ   പരാജയപ്പെട്ടു.       ആറര മണിക്ക് വീട്ടിൽ നിന്നിറങ്ങി ഏഴു മണിക്ക് ശേഷം മടങ്ങിയെത്തുന്ന അച്ഛനമ്മമാർക്ക് ലുമിയെ എങ്ങനെ വളർത്താൻ ആകും?. സുഹൃത്തുക്കളുടെ സഹായം കൊണ്ടു അല്പം കൂടി പിടിച്ചു നിന്നു.

രണ്ടേ രണ്ടു മാർഗ്ഗമേ ഇനി ഉള്ളു. വിസ കൈയിലുള്ള ഞങ്ങൾ അവിടെ എത്തണം. അല്ലെങ്കിൽ, വളരെ മോഹിച്ചും പരിശ്രമിച്ചും നേടിയ ഫെല്ലോഷിപ് പരിശീലനം അപർണ ഉപേക്ഷിക്കണം.

ഞങ്ങൾ എത്തിയെ മതിയാകൂ. ഗാർഹിക ചുമതലകൾ, തൊഴിൽ ഭംഗം തുടങ്ങിയവ പരിഗണിക്കാതെ     വിടാം എന്നു കരുതി.     യാത്രാ സാധ്യത, സംവിധാനം എന്നിവയിൽ തികഞ്ഞ അനിശ്ചിതത്വം. ദീർഘ ദൂര വിമനയാത്രയിലെ കോവിഡ്  ബാധയുടെ ആശങ്ക,  ഞങ്ങളെ ക്കാൾ  അലട്ടിയ ബന്ധു മിത്രാദികളുടെ നിരുത്സാഹപ്പെടുത്തൽ.....  എല്ലാം അതിജീവിച്ചു ,    തടസങ്ങളോടെ മുപ്പത്തിയഞ്ചു മണിക്കൂർ യാത്ര ചെയ്തു ചിക്കാഗോയിൽ ഇറങ്ങി.  അല്പം സാഹസികമായി  യാത്ര ചെയ്ത്ഒരു സന്തോഷം.

 ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ  ടെസ്റ്റ്, ക്വറന്റിന് ഒന്നും വേണ്ട.   ഒരു ചെറിയ  ഫ്ലാറ്റ് വാടകയ്ക് എടുത്ത്  ഒരാഴ്ച സ്വമേധയാ ക്വറന്റിനിൽ കഴിഞ്ഞു. അതിനു ശേഷം ഹൂസ്റ്റണിൽ ലുമിയുടെ സമീപം എത്തി.

അരമണിക്കൂർ സമയം തന്റെ കുഞ്ഞിക്കണ്ണുകളാൽ നോക്കി  എന്തോ ഒക്കെ  ഉറപ്പുവരുത്തിയ ശേഷം ലൂമി കൈയിൽ വന്നു.

അഞ്ചാം ദിവസം. ക്ഷണക്കാത്ത  അതിഥി ആയി ലാറ എത്തി. അത്തരം ഒന്നിനെ പരിചയം ഇല്ല - ലാറ കൊടുങ്കാറ്റു.!  

ബാത് ടബ്ബുകളിൽ   എല്ലാം  വെള്ളം നിറച്ച്, മെഴുകുതിരികളും ആഹാരാദികളും കരുതി, ലുമിയെ കൈകളിൽ മാറി മാറി എടുത്തു മൂന്നു ദിനരാത്രങ്ങൾ പിന്നിട്ടു.  അല്പം കാറ്റും മഴയും ഹൂസ്റ്റണ് നൽകി, വഴി മാറിയ ലാറ,   അയലത്തുള്ള ലൂസിയാനയെ തകർത്തെറിഞ്ഞു

. മൂന്നു മാസം കഴിഞ്ഞെത്തുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പടയൊരുക്കം  തുടങ്ങിയിരുന്നു. ധാർഷ്ട്യവും മൗഢ്യവും മുറ്റിയ ട്രമ്പിനെ മാറ്റുക എളുപ്പമല്ലെന്ന തോന്നൽ കനപ്പെട്ടു. അയാൾ പ്രതി നിധീകരിക്കുന്ന  കുടിയേറ്റ വിരോധവും, വർണവിദ്വേഷവും  അമേരിക്കൻ സമൂഹത്തിൽ ആഴത്തിൽ  ഒഴുകുന്നു.

അപ്രസക്തം ആയി കഴിഞ്ഞെങ്കിലും, ഇനിയും മരിച്ചിട്ടില്ലാത്ത ഒരു രാഷ്ട്രീയ ജീവി ഉള്ളിൽ കുടികൊള്ളുന്ന എനിക്ക് ഉത്സാഹമായി. അമേരിക്കൻ ചരിത്ര  ത്തെ   കുറിച്ചുണ്ടായിരുന്ന അറിവുകൾ കുറേക്കൂടി വായിച്ചു വിപുലമാക്കി. കോവിഡ് കാലത്തു പുറത്തിറങ്ങി   തിരഞ്ഞെടുപ്പ്  പഠിക്കാൻ  കഴിയില്ലല്ലോ. കോവിഡിനെ ബാലിശമായി പരിഹസിച്ചും വെല്ലുവിളിച്ചും ട്രമ്പും കൂട്ടരും  നടത്തുന്ന റാലികൾ ടി.വിയിൽ സ്ഥിരം കാഴ്ചയായി. ചിലപ്പോഴൊക്കെ ജനാലയിൽ കൂടി അവ നേരിട്ടും കണ്ടു. രാഷ്ട്രീയത്തിലും സമൂഹത്തിലും താല്പര്യം നിലനിറ്റ്ത്തു ന്നവരായ  അപൂർവം അമേരിക്കൻ സുഹൃത്തുക്കളുമായി ഫോണിൽ കൂടി സംവദിച്ചു. അനിശ്ചിതത്വം പ്രവചിക്കപ്പെട്ടിട്ടും, ഒരു നാട്ടിൻപുറത് തുകാരന്റെ ശുദ്ധഗതിയോടെ,  ട്രൂമ്പിന്റെ പതനം കാത്തിരുന്നു.

അമേരിക്കൻ തിരഞ്ഞെടുപ്പിന്റെയും ഫല  നിര്ണയത്തിന്റെയും വളവു തിരിവുകൾ കണ്ടപ്പോൾ ഇന്ത്യൻ തിരഞ്ഞെടുപ്പിന്റെ മഹത്വം തിരിച്ചറിഞ്ഞു. , .

ഫല പ്രഖ്യാപനത്തിന്റെ  നാളുകൾ അടിമ വിമോചനത്തിന്റെ.  അവസാന യുദ്ധത്തിലൂടെ ചരിത്രത്തിൽ ഇടം നേടിയ ഗാലവിസ്റ്റൻ ബേയിൽ  ചെലവിട്ടു.  ബൈഡൻ ഹാരിസ് വിജയം തത്സമയം   ടി. വി യിൽ കാണിരിക്കവേ, ലൂമി കാർപെറ്റിൽ ആദ്യ ചുവടുകൾ വച്ചു നടന്നത് ഇരട്ടി സന്തോഷമായി.

 ജനുവരി ആറിനു ട്രംപ് അനുയായികൾ    കാപിറ്റോൾ വളപ്പിൽ നടത്തിയ അക്രമം അസ്വസ്ഥത പകർന്നു. ഇന്ത്യൻ രാഷ്ട്രീയം ഇത്ര താഴ്ന്നിട്ടില്ല എന്നു തെല്ലഭ്മാനിച്ചു.  (കൃത്യം ഇരുപതു.   ദിവസങ്ങൾക്ക് ശേഷം ചെങ്കോട്ടയിൽ പാറുന്ന സിക്ക്  പതാക കണ്ടപ്പോൾ അഭിമാനം പിൻവാങ്ങി.).

 അമേരിക്കൻ രാഷ്ട്ട്രീയത്തെ സ്ക്രീനിൽ കൂടിയാണെങ്കിലും തത്സമയം  കണ്ടറിഞ്ഞത്  എന്നിലെ രാഷ്ട്രീയ ജീവിയെ  സന്തോഷിപ്പ്ച്ചു.

*        *      *          *            *       *       *       *

ശരീരം കൊണ്ടും മനസ്സു കൊണ്ടും ലുമിയും, അവളുടെ  സ്നേഹവും വളരുന്നത്   അനുനിമിഷം  കണ്ടറിഞ്ഞു. പാട്ടും പദങ്ങളും കേട്ടും, ചുണ്ടിൽ നോക്കിയും അവൾ  എന്നെ പരിചയപ്പെട്ടു. കണ്ണിലും മുഖഭാവങ്ങളിലും ചലനങ്ങളിലും  കൂടി തന്റെ നിലപാടുകളും ആവസ്യങ്ങളും ഇങ്ഗിതങ്ങളും വെളിപ്പെടുത്താൻ അവൾ പ്രാപ്തി നേടി. ശരീരവും ശബ്ദവും നോട്ടവും അസംസ്‌കൃത വസ്തുക്കൾ  ആയി  ഉപയോഗിച്ചു  കൊണ്ട്   തന്റെ  ആവിഷ്കാര   പരിധി വികസിപ്പിക്കാനും,  അതു  തന്റെ ബോധത്തിൽ ചേര്ക്കാനുമുള്ള അവളുടെ ശ്രമങ്ങൾ  എനിക്ക്  കൗതുകവും ഉന്മേഷവും  പകർന്നു നൽകി.    ( നാല്   സ്വന്തം കുഞ്ഞുങ്ങളെ   നിരവധി വർഷങ്ങൾ  നിരന്തരം നിരീക്ഷിച്ചു   കൊണ്ട്  ശൈശവ കാലത്തെ ചിന്താവികാസം  നിർവചിച്ച  പിയാഷെ ( Jean Piaget ) എന്ന മഹാനായ മനസ്സാസ്ത്രൻജെനോട്  അളവറ്റ ആദരം     ഒരിക്കൽ കൂടി   തോന്നി.).  

അമേരിക്കൻ രാഷ്ട്രീയം,  തത്സമയ പ്രതിഛായ ( Virtual real time) ആയും,  ശൈശവത്തിലെ ലോകത്തിന്റെ വ്യാപ്തിയും സാന്ദ്രതയും രൂപഭാവങ്ങളും  വികസിക്കുന്നത്,  പ്രത്യക്ഷ തത്സമയം (Real real time )ആയും ,  കണ്ടറിഞ്ഞത് ഹൃദ്യമായ അനുഭവം ആയി.

കുറെ വായിക്കാനും, കുറിക്കാനും മനസ്സിൽ മയങ്ങിക്കിടന്ന ഇഷ്ടഗാനങ്ങൾ പാടാനും കഴിഞ്ഞതും സംതൃപ്തി നൽകി. 

നാട്ടിൽ ചിലവിട്ട  2020 ലെ ആദ്യ മാസങ്ങൾ പോലെ, അമേരിക്കയിലെ ആറു മാസകാലവും ,  ജീവിതത്തിന്റെ വിലപ്പെട്ട പല ഇഴകളും ഈണങ്ങളും, കോവിഡ്  മൂലം എനിക്ക് നഷ്ടമായി. അതിനിടയിൽ കിട്ടിയ ഈ ഹൃദ്യമായ അനുഭവങ്ങൾ ഞാൻ മനസ്സിൽ  സൂക്ഷിക്കട്ടെ. 

Dr. K. A. Kumar

drkakumar@gmail.com

    

No comments:

Post a Comment