Friday 28 August 2020

Texas by Night. Laura story

    

ലാറയും കുഞ്ഞുറക്കവും  കാറ്റിന്റെ  ദേവനും ആയി ടെക്സാസിലെ രാത്രി.

ആശങ്കയും അനിശ്ചിതത്വവും ആയി നടത്തിയ യൂ. എസ് യാത്ര  വിജയപര്യവസായി ആയതിൽ ആശ്വാസം എളുതല്ല. ടിക്കറ്റ് കിട്ടുന്നത് മുതൽ തുടങ്ങി, ഉറപ്പില്ലായ്മ. ഡൽഹി വരെ ആഭ്യന്തര യാത്ര. പിന്നെ യൂ. എസ് വരെ എയർ ബബുൾ എന്ന നിയന്ത്രിതയാത്ര. അവിടെ ഉണ്ടായ കാലതാമസം. അതു കൂടുതൽ നീണ്ടെന്കിൽ സ്ഥിതി  ദയനീയമാകുമായിരുന്നു. പരിമിത സ്വകര്യങ്ങളോടെ പറന്നു ചിക്കാഗോയിൽ. ഔദ്യോഗിക ക്വാറന്റിൻ ഇല്ലെങ്കിലും, പേരാക്കിടാവിനെ ആദ്യം  കാണാനും പരിചരിക്കനും പോകുന്നതിനാൽ ഒരു മൂന്നു മുറി വാടക വീട്ടിൽ ഒരാഴ്ച അത് നടത്തി. 

മകൻ  അനുപം കുമാർ മിഷിഗണിലും, മരുമകൾ  അപരണ   പൊടി കുഞ്ഞുമൊത്ത് ടെക്സസ്സിൽ ഹൂസ്റ്റനിലും ആതുരസേവകർ ആയി തളക്കപ്പെട്ടിരിക്കുന്നു. Naanni എന്ന കുഞ്ഞുനോട്ടക്കാരെ വച്ചു നടത്തിയ പരീക്ഷണങ്ങൾ വിഷമകരമായ സാഹചര്യത്തിൽ  അവിടെ ഞങ്ങൾക്കു എത്തിയെ മതിയാകൂ. അതിനു സാധ്യത നൽകിയ കേന്ദ്രസർക്കാരിനോട് വളരെ നന്ദി തോന്നി.

ക്വയറന്റിൻ പൂർത്തിയാക്കി ഡാളസ് വഴി ഹൂസ്റ്റനിലേക്കു പറന്നെത്തിയത് ചാരിതാര്ത്യതോടെയാണ്. വളരെ വേഗം എട്ടു മാസക്കാരി ലൂമി ഇണങ്ങി. മനസമാധാനത്ത്തോടെ ആശുപത്രി ഡ്യൂട്ടിക്ക് പോകാൻ ആയ  മരുമകൾ അപരണക്ക് അതിയായ ആശ്വാസം.

രണ്ടു ദിവസങ്ങൾ കഴിഞ്ഞതെയുള്ളൂ. ലാറ എന്ന ഒരു  കൊടുംകാറ്റ് വരുന്നതായി വാർത്തകൾ എത്തി. അതൊരു വാർത്തയായി മാത്രം കരുതി. സെക്രട്ടറിയേറ്റ് തീപിടിത്തം, അദാനിയുടെ വിമാനത്താവളം പിടിത്തം, ദൃശ്യങ്ങൾ ഒന്നും തെളിയാത്ത സി സി ടി വി പിടിത്തം, കേരളത്തിന് മേൽ മുറുകുന്ന കോവിഡിന്റെ പിടിത്തം- ഇത്രയൊക്കെ പിടിത്തങ്ങൾ നാട്ടിൽ നിന്നുള്ള വാർത്തയിൽ ഉള്ളപ്പോൾ  ലാറ എന്ന കൊച്ചു കാറ്റിൻകുട്ടിയെ അത്ര ശ്രദ്ധിക്കാൻ തോന്നിയില്ല.( അത്രക്കാനു പ്രകൃതി ക്ഷോഭങ്ങളെ പറ്റിയുള്ള ബോധവും പരിചയവും.). 

ഹൂസ്റ്റണിലെ സ്ഥാപനങ്ങൾ ഒന്നൊന്നായി മൂന്നു ദിവസങ്ങൾ അടക്കുന്നു. അപർണയുടെ ആസുപത്രിയും അടക്കുന്നുവെന്നത് സന്തോഷം നൽകി. മൂന്നുദിവസം, കുഞ്ഞും അമ്മയും പിതാമഹ് റൂം കൂടി ചേർന്ന് ഉല്ലസിക്കാം.

മിഷിഗണിൽ നിന്ന്   ഫോണിൽ എത്തിയ മകൻ അനുപം കുമാറിന്റെ വാക്കുകളിൽ വിഹ്വലതയും നിസ്സഹായതയും.  തുടർന്നു എത്തിയ എല്ലാ ഫോണ് വിളികളിലും ആശങ്ക. ടി വി യിലാകെ മുന്നറിയിപ്പുകൾ. ടെക്സസ്സിലും സമീപത്തും കൊടിയ നാശം വിതക്കുന്ന അതി ഭീകര കൊടും കാറ്റിന്റെ തീവ്രമേഖലക്ക് തൊട്ട് അടുത്തണ് നമ്മുടെ വാസം. രണ്ടിൽ നിന്ന് അഞ്ചാം ഗ്രേഡിലേക്ക് ലാറ കുതിച്ചു കയറുന്നു. വൈദ്യുതി, വെള്ളം, ഗതാഗതം എല്ലാം തടസ്സപ്പെടും. സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുക. അതിന് ഇനി മണിക്കൂറുകൾ മാത്രം. ഇങ്ങനെ മുന്നറിയിപ്പ്. 

ഹൂസ്റ്റണിൽ അപർണ കുഞ്ഞുമായി എത്തിയിട്ട് ഏഴു ആഴ്ചകൾ മാത്രം. ചുരുക്കം സുഹൃത്ത് ക്കൾ മാത്രം. അവരിൽ ചിലർ സ്വന്തം വീട്ടിലേക്ക് ഞങ്ങളെ ക്ഷണിച്ചു. അവരും അപകട മേഖലക്ക് പുറത്തല്ല. എങ്കിലും, അപായഘട്ടത്തിൽ സ്ഥലപരിച്ചയം ഉള്ളവരുടെ ഒരു കൂട്ടു നല്ലതല്ലേ?

സുരക്ഷിതമായി താമസിക്കാൻ ഏതെങ്കിലും പറ്റിയ ഹോട്ടലിൽ പോയാലോ എന്നായി ആലോചന. ഹോട്ടലുകൾ എല്ലാം ഫുൾ. മിഷിഗണിലേക്ക് പറന്നാലോ? വിമാനങ്ങൾ അനിശ്ചിതം. ലാറയുടെ പാതക്ക് അകലെ കാറോടിച്ചു പോയാലോ?

റോഡുകൾ തിങ്ങിനിറഞ് അഭയ സ്ഥാനം തേടി ഇറങ്ങിയ വാഹനങ്ങൾ, മിന്നൽ പ്രളയം പ്രതീക്ഷിക്കുന്നു എന്നു മുന്നറിയിപ്പ് ഉണ്ട്. കാറിന് ഉള്ളിൽ മണിക്കൂറുകൾ കൊച്ചു കുഞ്ഞുമായി കുടുങ്ങി കിടക്കുന്ന കാര്യം ആലോചിക്കാൻപോലും വയ്യ. വെള്ളപ്പൊക്കത്തിലേ ജീവനാശം ഏറെയും, പൊതുവഴികളിലും പൊതു സ്ഥലങ്ങളിലും വച്ചു ആണെന്നു എവിടെയോ വായിച്ച ഓർമ.

 സാമാന്യം ഉറപ്പുള്ള മൂന്നു നില അപാർട്മെന്ടിൽ ആണ് താമസം.

ചുരുക്കത്തിൽ,  വീട് വിട്ടു ഇറങ്ങേണ്ട എന്ന തീരുമാനത്തിൽ എത്തി.

ടി.വി യിൽ മുന്നറിയിപ്പ് കനക്കുന്നു. ഒഴിഞ്ഞു പോകാനുള്ള സമയം ഇനി അധികം ഇല്ല. എത്താൻ പോകുന്നത് അതിജീവന സാധ്യത ഇല്ലാത്ത അഞ്ചാം ഗ്രേഡ് കാറ്റാണ്. ഹൂസ്റ്റണിൽ തെക്ക് കിഴക്ക് കിടക്കുന്ന ഞങ്ങളുടെ പ്രദേശം മൂടി, കടുത്ത ചുവപ്പ് നിറത്തിൽ ഉരുണ്ടു കളിക്കുന്ന ടി വി മോഡൽ ദൃശ്യങ്ങൾ. കാര്യം നിസ്സാരമല്ല.

ഇനി ചെയ്യാനുള്ളത് ഈ വീടിനെ സുരക്ഷിതം ആക്കുക മാത്രം.

വെറും മനോധർമവും സാമാന്യ ബുദ്ധിയും മാത്രമേ കൈയിൽ ഉള്ളു.  വലിയ കൊടുങ്കാറ്റും  വെള്ളപ്പൊക്കവും കണ്ടിട്ട് പോലുമില്ല. 2018 ൽ കേരളത്തിലെ വെള്ളപ്പൊക്കത്തിൽ എന്റെ സ്ഥലമായ തിരുവനന്തപുരം ഉൾപ്പെട്ടില്ല. ഇടനാട്ടിലെങ്കിലും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്ക്ണം എന്നൊരു ആശ തോന്നിയത് നിർവഹിക്കാൻ, അന്നത്തെ ആരോഗ്യ സ്ഥിതി അനുവദിച്ചില്ല. ചുരുക്കത്തിൽ തകഴിയുടെ കഥയിലും, ഒറ്റനവധി ചലച്ചിത്രങ്ങളിലും പരിചയപ്പെട്ടതൊഴിച്ചാൽ, കാലവർഷകാലത്ത് കുട്ടനാട്ടിൽ നടത്തിയ ഏതാനും കായൽ യാത്രകളിൽ ഒതുങ്ങുന്നു, വെള്ളപ്പൊക്കവും കൊടുങ്കാറ്റുമായുള്ള പരിചയം.

ജനാലകളും വാതിലുകളും ബലത്തിൽ ബന്ധിച്ചു. ഇലക്ട്രിക് പോയിന്റുകൾ, ഉപകകരണങ്ങൾ എന്നിവ നിർവീര്യം ആക്കി. ചുമരിൽ  നിന്നും സീലിംഗിൽ നിന്നും ഫിറ്റിങ്ങുകളെ നിലത്തിറക്കി. വെള്ളത്തിന്റെ പാത്രങ്ങൾ നിറചു. ഫ്ലാഷ് ലൈറ്റും മെഴുകുതിരിയും ഒരുക്കി.

 ജനലുകൾക്കും ചുമരുകൾക്കും അകലെ കെട്ടിടത്തിന്റെ മൂന്നാം നിലയുടെ ഒത്ത നടുവിൽ എല്ലാവർക്കുമായി കിടപ്പിടം ഒരുക്കി. അടിയന്തരഘട്ടത്തിൽ ഒഴിയേണ്ടി വന്നാൽ ആവശ്യം ആയതെല്ലാം രണ്ടു പെട്ടിയിലും രണ്ടു കൊട്ടയിലും എടുത്തു കിടപ്പിടത്തിന് അടുത്ത് വച്ച്.

നാട്ടിൽ മകൻ അർവിന്ദിനോടും കുടുംബത്തോടും  ഏതാനും സുഹൃത്തുക്കളോടും ഫോണിൽ സംസാരിച്ചു. രാവിലെ മൊബൈൽ സിഗ്നൽ ഉണ്ടെങ്കിൽ രാത്രിയിലെ വിവര ങ്ങൾ പങ്കിടാം.

ടി.വി യിലെ കാലാവസ്ഥക്കാരൻ ആവർത്തച്ചു കൊണ്ടിരുന്നു- രാത്രി പന്തണ്ടിനും രാവിലെ നാലു മണിക്കും ഇടയിൽ ആകും ലാറയുടെ അതി ഭീകരമായ ആഘാതം.

ആ സമയം ഉറങ്ങേണ്ടതില്ല എന്നു നിശ്ചയിച്ചു.  രണ്ടു പുസ്തകങ്ങൾ കൊണ്ടൊരു കോക്‌ടയിൽ വായനയാകാം. ബാബു പോളിന്റെ സർവീസ് കഥയുടെ പത്തുപേജ്, എംപി നാരായണ പിള്ളയുടെ ഒരു കഥ, എന്നിവ ഒന്നിട വിട്ട് വായിക്കാം. ഒന്നിന് ശ്രദ്ധയും ദഹനവും അനായാസ വായനക്ക്  ആവശ്യമില്ല. മറ്റത് ദഹിക്കാൻ ഇടവേളകൾ അത്യാവശ്യം.

സ്വസ്ഥമായി ഉറങ്ങി കൊണ്ടിരുന്ന കുഞ്ഞു മോളുടെ അടുത്തു കിടന്ന അപർണ ചാടിയെഴുന്നേറ്റു . താഴത്തെ നിലവറയിൽ പോകാൻ അകമ്പടി ആവശ്യപ്പെട്ടു. അവിടൊരു കാർഡ് ബോർഡ് പെട്ടിയിൽ തലയിട്ടു ഏറെ നേരം തിരഞ്ഞു.  കിട്ടിയ സന്തോഷത്തോടെ മുകളിലേക്ക് ഓടിക്കയറി. ഹനുമാൻ സ്വാമിയുടെ ചെറിയൊരു വിഗ്രഹം.   ഈ അവസ്ഥയിൽ , അനുയോജ്യനായ മറ്റൊരു ദേവൻ ആരുണ്ട?

ഇരട്ട വായനയുടെ ഇടവേളകളിൽ,  ജനൽ പാളിയുടെ വിടവിലൂടെ ഞാൻ പുറത്തേക്ക്  നോക്കി കൊണ്ടിരുന്നു..  

അരണ്ട വെളിച്ചവുമായി ആകാശം. കറുപ്പും വെളുപ്പുമായി മേഘങ്ങൾ കിഴക്കോട്ട് നീങ്ങുന്നു. ചെറിയൊരു മൂളലോടെ സുഖമുള്ള കാറ്റ്.  വഴി വിളക്കു കളുടെ വെളിച്ചത്തിൽ തെളിഞ്ഞു കിടക്കുന്ന നടപ്പാതകളിലും പുൽപ്പരപ്പിലും,  ഒരു മഴത്തുള്ളി പോലും വീഴാത്ത നിരാശയുടെ നിഴൽ.

പ്രകൃതിയുടെ ഈ  പൂർണസൗമ്യത,  കൊലക്ക് മുൻപിലെ നിസ്സംഗതയാണോ?  അല്പം ഭയം തോന്നി.

നാലു മണി കഴിഞ്ഞു. ഞാൻ താഴേക്കു നടന്നു. പ്ളഗ് കുത്തി ടി വി തെളിച്ചു. കാലാവസ്ഥക്കാരൻ ചിത്രങ്ങൾ സഹിതം ആവേശത്തോടെ പറയുന്നു- ലാറ അതിന്റെ ഗതി കൂടുതൽ കിഴക്കോട്ടു മാറ്റി. ടെക്സ് സസിനെ ഏതാണ്ട് വിട്ടു അടുത്ത സംസ്ഥാനമായ ലൂസിയാനായിലേക്കു ഇരമ്പി കയറി. തീരത്തും ഉള്ളിലും വിനാശത്തിന്റെ തേര് വാഴ്ച നടത്തി; വളരെ വേഗം ശാന്തമായി.

ഉറങ്ങാൻ പോകവെ, ശാന്തമായി ഉറങ്ങുന്ന പേരക്കുട്ടിയെ കണ്ടു. പിന്നീട് ഉറക്കത്തിന്റെ ഏതോ ഘട്ടത്തിൽ ഒരിക്കലും പോയിട്ടില്ലാത്ത ലൂസിയാനയുടെ മണ്ണും മനുഷ്യരും മനസ്സിലെത്തിയതായി തോന്നി.

എട്ടു മണിക്ക് എഴുന്നേറ്റു .ജനാലകളും വാതിലുകളും തുറന്നു. ഇലക്ട്രിക് സംവിധാനങ്ങൾ പുനസ്ഥാപിച്ചു. ഓരോ മുറിയിലെയും സാധനങ്ങൾ പുന:ക്രമീകരിച്ച്.

കോവണി കയറിയപ്പോൾ ,  പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് അപർണ സ്ഥാപിച്ചിരിക്കുന്ന ഹനുമാന് ജിയെ കണ്ടു.

അന്തരീക്ഷം  ഇളക്കി മറിക്കുന്ന കൊടുങ്കാറ്റുകളിൽ നിന്ന് മാത്രമല്ല, ജീവിതത്തെ തകർക്കാനെത്തുന്ന എല്ല കൊടുങ്കാറ്റുകളിൽ നിന്നും രക്ഷിക്കാൻ....

Dr. K. A. Kumar

Trivandrum.695004

drkakumar@gmail.com

27th August 2020


No comments:

Post a Comment