Tuesday 27 March 2018

മനസ്സിൽ വാഴുന്ന മലയാള ഗാനങ്ങൾ -
(ഒന്ന്..... മാർച്ച  ഇരുപത്തിയേഴു -2018 )

വളരെ പഴയ പാട്ടു, മനസ്സിൽ നിന്നും മായുന്നില്ല!

ചിത്രം: ചതുരംഗം (1958 )

വാസന്തരാവിന്റെ വാതിൽ തുറന്നുവരും
വാടാമലർക്കിളിയെ................

രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്: കെ.എസ് . ജോർജ് , ശാ ന്താ.പി.നായർ

ദേവരാജൻ മാസ്റ്റർ മലയാളസിനിമയിൽ  ആദ്യമായി  സംഗീതം പകർന്ന യുഗ്മഗാനം.

 രചയിതാവായ് പലരും കരുതുന്നത്, ഭാസ്കരൻ മാഷിനെ !
കാരണം: പ്രകൃതിയുടെ ഭാവങ്ങളെയും ചലനങ്ങളെയും
മനുഷ്യന്റെ വികാരങ്ങളായും ചേഷ്ടകളായും പ്രേമഗാനങ്ങളിൽ , ലളിതസുന്ദരമായി  കൂടുതൽ പകർന്നുനല്കിയതു  ഭാസ്കരൻ മാഷ് ആയതു കൊണ്ടാകാം. 

പലരും കരുതുന്നത്, ഇതൊരു നാടകഗാനമാണെന്നു.

മലയാളത്തിലെ എക്കാലത്തെയും ഏറ്റവും ഭാവ  സ്നിഗ്ധമായ ശബ്ദമുള്ള ഗായിക ശാ ന്താ.പി.നായർ  ആണെന്ന്
കരുതുന്ന ആളാണ് ഞാൻ.
അതുപോലെ, അസംസ്കൃതമായ , അതെ സമയം ഭാവവാഹിയായ ശബ്ദമുള്ള  ഒരു  നല്ല ഗായകൻ കെ.എസ്. ജോർജ് ആണെന്നും.

ഇതൊരു വ്യക്തിപരമായ തോന്നൽ ആകാം; അതും ഭാസ്കരൻമാഷിന്റെ വരികളിലെ ചാരുതയും,  ദേവരാജൻ മാസ്റ്റർ നൽകുന്ന സംഗീതത്തിൻറെ സരളഗ്രാമീണതയും കൂടിച്ചേർന്നതാകാം ഈ ഗാനം, മനസ്സിൽ  ഇന്നും ഒഴുകുന്നതിന് കാരണം.
വിഷുവിനു ഇനിയും ഒന്നര മാസം ഉണ്ട്.; ഇപ്പോഴേ കൊന്നപ്പൂവുകൾ അണിനിരന്നു കഴിഞ്ഞു........

....."കൊന്നപ്പൂങ്കണി  കണ്ടു വന്നിട്ടെനിക്കൊരു  കൈനീട്ടം..........."

മലയാള ഗാനസംസ്കൃതിയ്ക്കു കിട്ടിയ നല്ലൊരു കൈനീട്ടമായി ഈ ഗാനത്തെ മനസ്സിൽ സൂക്ഷിക്കുന്നു.

dr.kumar.k.a, trivandrum-695004
9447035533

Saturday 3 March 2018

ആറ്റുകാൽ, അനന്ത പുരിയുടെ സായൂജ്യം.
ഓർമയുടെ  വിദൂര ഭൂമികയിൽ തെളിയുന്ന,  എഴുപത് കളിൽ ആറ്റുകാൽ ക്ഷേത്രം  നന്നേ ചെറുത്.
നിരീശ്വരവാദത്തിന്റെ കൗമാരം. എങ്കിലും, പൊങ്കാലയിടാൻ പോകുന്ന അമ്മയുടെ എസ്‌കോർട് ആയി പോയിരുന്നു.  കിഴക്കേകോട്ട വരെ ബസിൽ. പിന്നെ കാൽനട.

പാടത്തിന്റെ അരികിൽ ഒരു പച്ച തുരുത്ത്. ധ്യാനത്തിൽ മുഴുകി നിൽക്കുന്ന തെങ്ങുകൾ തീർക്കുന്ന അതിര്. വേനലിലും പിൻവാങ്ങാത്ത പച്ചയുടെ കാരുണ്യം.
പൊങ്കാല കഴിഞ്ഞു ഇറങ്ങുന്ന അമ്മയുടെ മുഖം മുഴുവൻ കരി , വിയർപ്പ്, തളർച്ച. ഇവയെല്ലാം മാറ്റി തെളിയുന്ന സംതൃപ്‌തി. ആശ്വാസം. ആത്മവിശ്വാസം.
എന്താണ് അമ്മ പൊങ്കാലയിട്ടു അപേക്ഷിക്കുന്നത്, ഞാൻ ചോദിച്ചു.
നിനക്ക് മെഡിസിന് പഠിക്കാൻ കഴിയണം,അത് ഒരു പ്രാർത്ഥന.
അത് നടക്കില്ല. എനിക്ക് ഇന്ഗ്ലീഷ് എമ്മെ പഠിച്ചാൽ മതി. പിന്നെ, ഈ ദേവിയല്ല ല്ലോ മെഡിക്കൽ കോളേജ് അഡ്മിഷൻ  ചെയ്യുന്നത്., ഞാൻ പരിഹസിച്ചു.
അല്ല, പക്ഷെ ദേവിയാണ് തീരുമാനിക്കുന്നത്. നോക്കിക്കോ.
അത് തന്നെ സംഭവിച്ചു.
വർഷങ്ങൾക്കു ശേഷവും അമ്മയുടെ സംതൃപ്‌തി എന്നെ തഴുകി നിന്നു.
ഇത് ഒരു അമ്മയുടെ കഥ അല്ല, മക്കൾക്ക് വേണ്ടി, അവരുടെ വിജയത്തിന് വേണ്ടി ദേവിയെ നിരന്തരം ഭജിച്ച ആയിരക്കണക്കിന് അമ്മമാർ, അവരുടെ എല്ലാം അമ്മ.
വാർധക്യം വന്നെത്തിയിട്ടും അമ്മ പൊങ്കാല മുടക്കിയില്ല. പൊങ്കാലയിട്ടു കഴിഞ്ഞു വെട്ടിപ്പൊലിയുന്ന തലവേദനയും ഉഗ്രൻ ഛർദിയും ആയി മയിഗ്രൻ അമ്മയെ നിലം പരിസാക്കിയിരുന്നു.  ഇനി
പൊങ്കാലയിടണ്ട എന്നു ഞാൻ വിലക്കി. എന്നെ വെട്ടിച്ചു അമ്മ അത് തുടർന്നു.
നാഴിക കൾ നീളുന്ന നിരയിൽ പൊങ്കാലയിടുന്ന അമ്മമാരുടെ വിയർപ്പും കരിയു എം നിറഞ്ഞ മുഖങ്ങളിൽ ഞാൻ ഇന്നും അമ്മയെ കാണുന്നു.
എന്നെ പ്പോലെ ആയിരങ്ങൾ. അങ്ങനെ ആറ്റുകാൽ പൊങ്കാല ഞങ്ങൾ ആണുങ്ങളുടേത് കൂടിയാകുന്നു.

ലക്ഷക്കണക്കിന് , കത്തുന്ന അടുപ്പുകൾ, കത്തുന്ന വേനൽ, ചുറ്റും  പുക ചുരുളുകൾ. ഉള്ളിൽ ഭക്തിയുടെ, നിർവൃതിയുടെ പൊൻ നൂലുകൾ.
അനന്തപുരി യുടെ സായൂജ്യം.
Kumar. K. A
9447035533