Friday 24 August 2018

ഓണം  ഓർമയിലും വിചാരത്തിലും

ഓണം  ഏതാണ്ടു പൂർണമായി  ഓർമയിലേക്ക്  ചേക്കേറിയിട്ട്  ഏറെകാലമായി. അതിന്റെ  നിഴലിലും അല്പം  നിലാവിലുമായി ഇന്നത്തെ ഓണങ്ങൾ .
ബാല്യകാലത്തെ ഓണങ്ങൾ  അച്ഛന്റെ തറവാട്ടിൽ താമസിച്ചിരുന്ന കാലത്തേതു. ഓണനാളുകളിൽ  അത്  കൂട്ടുകുടുംബമാകുന്നു. ഇളം തലമുറയിൽ  മൂത്തവനായി എനിക്ക്  വിലസാനുള്ള  അവസരം.  ഓണനാളുകളിൽ  പാചകത്തിനു  മേൽനോട്ടം  വഹിക്കുന്നത്  അച്ഛൻ. കര്ശനവും പൂര്ണവുമായ  മേൽനോട്ടം. പാചകസ്ഥലത്തോ പരിസരത്തോ ചുറ്റിക്കറങ്ങിയിരുന്ന ഞങ്ങൾ കുട്ടിപ്പടയുടെ നേതൃത്വം സ്വയം ഏറ്റെടുത്ത് ഞാൻ വിളയാടുമ്പോൾ  വിമതശ്രമങ്ങൾ അടിക്കടി ഉണ്ടാകും.  പൊതുവെ സൗമ്യനായ എന്നെപ്പോലും അക്രമാസക്തനാക്കുന്ന അണികൾ.
തല്ലും അടിയുമാകുമ്പോൾ അച്ഛൻ ഇടപെടും. ആരുടെ കുറ്റമാണെങ്കിലും മൂത്തവൻ എന്ന നിലയ്ക്ക് അച്ഛൻ അടിക്കുന്നത് എന്നെ ആയിരിക്കും. ഉശിരൻ അടി. ബാലസംഘം തുടർന്ന് ചിതരും. അരമണിക്കൂറിനുള്ളിൽ സന്ധിയാകും. സദ്യയും കളിയും. ഒക്കെയുണ്ടെങ്കിലും  .അടിയുടെ വിഷമം എന്നിലുണ്ടാവും. എന്നാൽ അതിന്റെപേരിൽ ഞാൻ ഓണത്തിനെ കൈവിടില്ലായിരുന്നു. എല്ലാത്തിലും പങ്കെടുക്കും. എല്ലാ സന്തോഷങ്ങളും ഉള്ളിൽ നിറയ്ക്കും. കഴിയുന്നത്ര പങ്കിടും,
അച്ഛന്റെ  അടി വെറുതെയാവില്ല, ഒന്നുരണ്ടു ദിവസത്തിനുള്ളിൽ ഒരു യാത്ര, ഒന്നോരണ്ടോ സമ്മാനങ്ങൾ എന്നിവ അച്ഛൻ സമ്മാനിക്കും. യാത്ര മിക്കവാറും തിരുവനന്തപുരത്തേക്കാണ്.  അച്ഛൻ എനിക്ക് അടി തന്നതിന്റെ കാരണം പറഞ്ഞു തരും. വലിയ തെറ്റൊന്നുമല്ലെങ്കിലും ഓണത്തിന്റെ ഒരുമയും സന്തോഷവും ഇല്ലാതാക്കിയതിനാണ് ശിക്ഷ;  പിന്നെ നീയല്ലേ മൂത്തവൻ, എല്ലാവരെയും ഇണക്കി കൊണ്ടുപോകാൻ ചുമതലയുള്ളവൻ!  അങ്ങിനെ അച്ഛൻ വിശദീകരിക്കും.
 മനസ്സിൽ അത് കടന്നുകൂടി. വേദനയും വിഷമവും അനുഭവിച്ചാലും ഒരു കൂട്ടായ്മ, ഒരു സ്ഥാപനം, ഒരു വ്യവസ്ഥ  തകരാതെ നോക്കാൻ  ശ്രമിക്കേണ്ടവനാണ് ഞാൻ.
അത് പാലിച്ചു  ;വളരെ സഹിച്ച്, നന്നേ വേദനിച്ചു; പലതും നഷ്ടപ്പെട്ടു.  കുടുംബത്തിലും അതിന്റെ അനുബന്ധങ്ങളിലും, ജോലിയിലും, സംഘടനകളിലും, സാമൂഹ്യ ബന്ധങ്ങളിലും എല്ലാം.
 ഒരു നിയോഗത്തിന്റെ  ചുമതലക്കാരനാണ് താൻ എന്നൊരു ധാരണ.. അതിനുവേണ്ടി എല്ലാം സഹിക്കാൻ  നിയോഗമുള്ളവൻ എന്നൊരു ഭാവം!
പ്രളയത്തിന്റെ വേദനയുമായി , പ്രകൃതിയുടെ അടിയായി വന്നെത്തിയ ഈ ഓണം ,  അച്ഛന്റെ അടിയുടെ വേദനയും ,തുടർന്നുള്ള ജീവിതപാതയുടെ  നോവും നിലാവുമായി ,  ഇണങ്ങി മനസ്സിന് മുമ്പിൽ നിൽക്കുന്നു.
അങ്ങിനെ ഈ ഓണം  എനിക്ക് വിലപ്പെട്ടതാകുന്നു.
 കഷ്ടപ്പാടിന്റെ , തീവ്രദുഃഖത്തിന്റെ നാളുകളിൽ  കേരളത്തിൽ വിടർന്ന അനുതാപത്തിന്റെയും സഹകരണത്തിന്റെയും  ശീലങ്ങൾ
നമ്മുടെ ഈ ഓണത്തിന്റെ   നിത്യദീപങ്ങൾ ആകട്ടെ!

dr.kumar.k.a
trivandrum-695004